May 18, 2026 01:27 PM

( gcc.truevisionnews.com ) ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി, താമസ വിസകളിൽ എത്തുന്ന പ്രവാസികൾക്കായുള്ള ‘വാഫിദ്’ മെഡിക്കൽ പരിശോധനാ സംവിധാനത്തിന് പുതിയ നിയന്ത്രണ ചട്ടങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം നടപ്പിലാക്കി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി പുറത്തിറക്കിയ 2026 ലെ മന്ത്രാലയ ഉത്തരവ് നമ്പർ 139 പ്രകാരമാണ് പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയത്. ഉത്തരവ് പ്രസിദ്ധീകരിച്ചതോടെ ചട്ടങ്ങൾ നിലവിൽ വന്നു.

ജി.സി.സി രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് നിർബന്ധമായ മെഡിക്കൽ പരിശോധനകൾ ഏകീകൃത മാനദണ്ഡങ്ങൾ പ്രകാരം നടത്തുന്നതിനും പൊതുജനാരോഗ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നത്. അപേക്ഷകർ ശാരീരികമായും മാനസികമായും ജോലിക്ക് അനുയോജ്യരാണോ എന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാംക്രമിക രോഗങ്ങൾ ഇല്ലെന്നുമാണ് പരിശോധനകളിലൂടെ ഉറപ്പാക്കുക.

ക്ലിനിക്കൽ പരിശോധനകൾ, ലബോറട്ടറി പരിശോധനകൾ, റേഡിയോളജി പരിശോധനകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര മെഡിക്കൽ പരിശോധനാ സംവിധാനം പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.15 അധ്യായങ്ങളും 54 വകുപ്പുകളും ഉൾപ്പെടുന്ന നിയന്ത്രണ ചട്ടങ്ങളിൽ ജി.സി.സി ഹെൽത്ത് കൗൺസിലിന്റെ ചുമതലകൾ, അംഗീകൃത മെഡിക്കൽ സെന്ററുകളുടെ പ്രവർത്തനം, സാങ്കേതിക സമിതികൾ, പരാതിപരിഹാര സംവിധാനം, സ്വകാര്യതാ മാനദണ്ഡങ്ങൾ, നൈതിക ചട്ടങ്ങൾ എന്നിവ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളിലെ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുകയും പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുന്നത് ജി.സി.സി ഹെൽത്ത് കൗൺസിലിന്റെ മേൽനോട്ടത്തിലായിരിക്കും. അപ്രതീക്ഷിത പരിശോധനകൾ, ആരോഗ്യ പ്രകടന വിലയിരുത്തലുകൾ, ചട്ടലംഘനങ്ങൾക്ക് ശിക്ഷാനടപടികൾ എന്നിവയും കൗൺസിൽ വഴി നടപ്പാക്കും.

പ്രവാസികൾക്കായി നിർബന്ധമായ മെഡിക്കൽ പരിശോധനകളുടെ പട്ടിക നിശ്ചയിക്കുകയും സമയാനുസൃതമായി പുതുക്കുകയും ചെയ്യാനുള്ള ചുമതല വാഫിദ് പദ്ധതിയിലെ കേന്ദ്ര സാങ്കേതിക സമിതിക്കാണ് നൽകിയിരിക്കുന്നത്.വാഫിദ് ഇലക്ട്രോണിക് സംവിധാനം വികസിപ്പിക്കൽ, ആരോഗ്യയോഗ്യത ഇല്ലാത്ത കേസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ, പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ, ജി.സി.സി എംബസികളുമായും കോൺസുലേറ്റുകളുമായും ഏകോപനം ശക്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 20 പ്രധാന ചുമതലകളും ഹെൽത്ത് കൗൺസിലിന് പുതിയ ചട്ടങ്ങളിൽ നൽകിയിട്ടുണ്ട്.

അംഗീകൃത മെഡിക്കൽ കേന്ദ്രങ്ങൾ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വിസ നടപടികൾക്കായി നൽകുന്ന തീയതി മുതൽ രണ്ട് മാസം വരെ സാധുവായിരിക്കും. അപേക്ഷയുടെ ഭാഗമായി വാക്സിനേഷൻ കാർഡും വാഫിദ് ഇലക്ട്രോണിക് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യണമെന്ന് പുതിയ ചട്ടങ്ങൾ നിർദേശിക്കുന്നു.

ജോലി, താമസ ആവശ്യങ്ങൾക്കായി ജി.സി.സി രാജ്യങ്ങളിലേക്ക് എത്തുന്ന എല്ലാ പ്രവാസികൾക്കും പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും. എന്നാൽ ചില പ്രായവിഭാഗങ്ങൾക്ക് അംഗരാജ്യങ്ങൾ പ്രത്യേക ഇളവുകൾ നൽകാനാവുമെന്നും ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.

kuwait introduces new rules for wafid medical tests for gulf job and residence visas

Next TV

Top Stories










News Roundup






Entertainment News