മസ്‌കത്ത്: ( gcc.truevisionnews.com ) ഒമാനില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ചയ്ക്ക് 12:30 മുതല്‍ വൈകുന്നേരം 3:30 വരെ സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് തൊഴില്‍ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.
ഈ നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് 500 മുതല്‍ 1,000 ഒമാനി റിയാല്‍ വരെ പിഴ ചുമത്തുമെന്നും മറ്റ് ഭരണപരമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയത്തിലെ ഒക്യുപേഷണല്‍ സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ദാവൂദ് ബിന്‍ സുലൈമാന്‍ അല്‍ ഗാഫ്രി അറിയിച്ചു.
വേനല്‍ക്കാല മാസങ്ങളില്‍ തൊഴിലിടങ്ങളിലെ ചൂട് മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി അധികൃതര്‍ പരിശോധനകള്‍ കര്‍ശനമാക്കും. നിർമാണ സൈറ്റുകളിലും തുറസ്സായ തൊഴിലിടങ്ങളിലും നേരിട്ട് പരിശോധനകള്‍ ഉള്‍പ്പെടെയുള്ള രാജ്യവ്യാപകമായ പരിശോധനാ പരിപാടി മന്ത്രാലയം നടപ്പിലാക്കും. ജോലി സമയം മാറ്റുന്നതിലോ, തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ നല്‍കുന്നതിലോ കമ്പനികള്‍ വീഴ്ച വരുത്തുന്നത് നിയമലംഘനമായി കണക്കാക്കും.
വിമാനത്താവളം, തുറമുഖം, അടിയന്തര സേവനങ്ങള്‍ തുടങ്ങിയ അവശ്യ മേഖലകളെ ഈ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഈ കാലയളവില്‍ പ്രവര്‍ത്തനം തുടരുന്നതിന് കമ്പനികള്‍ മുന്‍കൂട്ടി അനുമതി വാങ്ങുകയും കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. തണലുള്ള വിശ്രമ സ്ഥലങ്ങള്‍, ശീതീകരിച്ച സൗകര്യങ്ങള്‍, തണുത്ത കുടിവെള്ളം, പ്രഥമ ശുശ്രൂഷാ സംവിധാനങ്ങള്‍ എന്നിവ തൊഴിലാളികള്‍ക്ക് ഉറപ്പാക്കണമെന്നും അല്‍ ഗാഫ്രി വ്യക്തമാക്കി.
No work allowed in open areas at noon Summer lunch break law in force in Oman






























