#LATEST NEWS #NEET re-examination #Riyadh #Indian Embassy
റിയാദ്: നാളെ (ഞായറാഴ്ച) നടക്കുന്ന നീറ്റ് (NEET UG) പുനഃപരീക്ഷയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റിയാദിലെ ഇന്ത്യൻ എംബസിയും റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അധികൃതരും അറിയിച്ചു. പരീക്ഷ സുഗമമായി നടത്തുന്നതിനായി കൃത്യമായ സമയക്രമങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയുള്ള പ്രത്യേക വാർത്താക്കുറിപ്പ് അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.
റിയാദിലെ റൗദയിലുള്ള ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷനാണ് (അൽ ഇഹ്സാന ബിൻ അലി സ്ട്രീറ്റ്, എക്സിറ്റ് 24, റബുഅ) പരീക്ഷാ കേന്ദ്രം.
പരീക്ഷാ സമയക്രമം (സൗദി സമയം):
പരീക്ഷാ സമയം: രാവിലെ 11.30 മുതൽ ഉച്ചകഴിഞ്ഞ് 2.45 വരെ.

ഗേറ്റ് തുറക്കുന്ന സമയം: രാവിലെ 8.30.
റിപ്പോർട്ടിങ് സമയം: സുരക്ഷാ പരിശോധനകൾ ഉള്ളതിനാൽ വിദ്യാർത്ഥികൾ രാവിലെ 10.30-ന് മുമ്പായി കേന്ദ്രത്തിൽ എത്തിച്ചേരണം.
ഗേറ്റ് അടയ്ക്കുന്ന സമയം: രാവിലെ 11.00. ഇതിനുശേഷം എത്തുന്നവരെ ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല.
പരീക്ഷാർത്ഥികൾ കരുതേണ്ട രേഖകൾ:
ഒറിജിനൽ അഡ്മിറ്റ് കാർഡ് (Admit Card).
ഒറിജിനൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (പാസ്‌പോർട്ട് അല്ലെങ്കിൽ മറ്റ് ഔദ്യോഗിക ഐഡി).
അഡ്മിറ്റ് കാർഡിന്റെ ഒന്നാം പേജിൽ ഒട്ടിച്ച ഫോട്ടോയ്ക്ക് പുറമെ, അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും, രണ്ടാം പേജിൽ പതിക്കാൻ പോസ്റ്റ് കാർഡ് സൈസ് കളർ ഫോട്ടോയും കൈയിൽ കരുതണം.
പരീക്ഷാ സുതാര്യത ഉറപ്പാക്കാൻ ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിച്ചുള്ള കർശന പരിശോധന ഉണ്ടായിരിക്കും.
മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇലക്ട്രോണിക് ഉപകരണങ്ങൾ, വാച്ചുകൾ, പഠന സാമഗ്രികൾ, ബാഗ്, വാലറ്റ്, ബെൽറ്റ്, തൊപ്പി, ലോഹ വസ്തുക്കൾ, ഭക്ഷണ സാധനങ്ങൾ, വെള്ളക്കുപ്പി എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല.
നാഷനൽ ടെസ്റ്റിങ് ഏജൻസി (NTA) നിർദേശിച്ചിട്ടുള്ള ഡ്രസ്സ് കോഡ് വിദ്യാർഥികൾ കർശനമായി പാലിക്കണം. വലിയ ബട്ടണുകളുള്ള വസ്ത്രങ്ങളും ഹൈ ഹീൽസ് ചെരുപ്പുകളും പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Content Highlight: Indian Embassy says preparations for NEET re-examination in Riyadh complete





































