മനാമ: (gcc.truevisionnews.com) ഇറാൻ നടത്തിയ ആക്രമണങ്ങളിൽ തകർക്കപ്പെട്ട സ്വദേശികളുടെ വീടുകളുടെ പുനർനിർമ്മാണത്തിൽ നിർണ്ണായക ചുവടുവെപ്പുമായി ബഹ്‌റൈൻ സർക്കാർ.
ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും പ്രത്യേക നിർദ്ദേശപ്രകാരം ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി.
ഹിദ്ദ് ഹൗസിങ് സിറ്റിയിലെ 30 യൂണിറ്റുകൾ, സിത്രയിലെ 19 വീടുകൾ, മറ്റ് വിവിധ പ്രദേശങ്ങളിലെ 22 വീടുകൾ എന്നിങ്ങനെ ആകെ 71 വീടുകളാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ വാസയോഗ്യമാക്കിയത്.
പുനർനിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജും പാർപ്പിട മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹിയും സിത്രയിലെയും ഹിദ്ദിലെയും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു.
സാങ്കേതികവും എൻജിനീയറിംഗ് പരവുമായ എല്ലാ ഗുണനിലവാരവും ഉറപ്പുവരുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയതെന്നും അടിയന്തര അറ്റകുറ്റപ്പണി ആവശ്യമായ വീടുകൾക്കാണ് മുൻഗണന നൽകിയതെന്നും മന്ത്രി അൽ ഹവാജ് വ്യക്തമാക്കി.
ബാക്കിയുള്ള വീടുകളുടെ നിർമ്മാണം ദ്രുതഗതിയിൽ നടന്നു വരികയാണെന്നും നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാ കുടുംബങ്ങൾക്കും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്നും മന്ത്രി അൽ റുമൈഹി അറിയിച്ചു.
വീടുകളുടെ പുനർനിർമ്മാണത്തിന് പുറമെ, വീട്ടുപകരണങ്ങൾക്കും മറ്റ് വസ്തുവകകൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി അർഹമായ നഷ്ടപരിഹാരവും സർക്കാർ വിതരണം ചെയ്തു കഴിഞ്ഞു. ആക്രമണത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ടവർക്കായി സൽമാൻ സിറ്റിയിൽ ഒരുക്കിയ താൽക്കാലിക ഫ്ലാറ്റുകളിൽ കഴിഞ്ഞിരുന്ന കുടുംബങ്ങൾ വരും ദിവസങ്ങളിൽ സ്വന്തം വീടുകളിലേക്ക് താമസം മാറും. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കും ജീവിത സാഹചര്യങ്ങൾ സാധാരണ നിലയിലാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
Houses destroyed in Bahrain attack rebuilt






































