Apr 22, 2026 02:57 PM

അബൂദബി: (gcc.truevisionnews.com) സ്കൂളുകളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സമഗ്ര മാർഗ്ഗരേഖയുമായി അബുദബി അധികൃതർ. വീട് മുതൽ സ്കൂൾ വരേയും, തിരിച്ചുമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.

അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് സെന്റർ (ADCMC), വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (ADEK), അബുദബി മീഡിയ ഓഫീസ് എന്നിവർ സംയുക്തമായി ആരംഭിച്ച 'നമ്മുടെ സമൂഹം സജ്ജമാണ്' (Our Community is Ready) എന്ന കാമ്പയിന്റെ ഭാഗമായാണ് ഈ നടപടി.

ഈ അധ്യയന വർഷത്തിലെ ശേഷിക്കുന്ന കാലയളവിലേക്കും 2026 വർഷത്തേക്കും ഈ മാർഗ്ഗരേഖ ബാധകമായിരിക്കും. സുരക്ഷ എന്നത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും, കൃത്യമായ സഹകരണത്തിലൂടെയും അവബോധത്തിലൂടെയും ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ പ്രാപ്തമായ സുരക്ഷിതമായ ഒരു വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സ്കൂൾ ബസ് ജീവനക്കാർ തുടങ്ങി എല്ലാവർക്കുമുള്ള കൃത്യമായ നിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രക്ഷിതാക്കളുടെ പങ്ക്

അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾ ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുക. കിംവദന്തികളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിക്കരുത്. ഔദ്യോഗിക നിർദ്ദേശം ലഭിക്കാതെ കുട്ടികളെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോകരുത്. സ്കൂളിൽ നൽകിയിട്ടുള്ള കോൺടാക്റ്റ് നമ്പറുകളും മറ്റ് വിവരങ്ങളും എപ്പോഴും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികൾക്ക് പൂർണ്ണ മാനസിക പിന്തുണ നൽകേണ്ടതും രക്ഷിതാക്കളുടെ ചുമതലയാണ്.

അധ്യാപകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമുള്ള നിർദ്ദേശങ്ങൾ

അടിയന്തര സാഹചര്യങ്ങളിൽ അധ്യാപകർ വിദ്യാർത്ഥികളെ പരിഭ്രാന്തരാക്കാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണം. എമർജൻസി എക്സിറ്റുകളെക്കുറിച്ചും സുരക്ഷിതമായ അസംബ്ലി പോയിന്റുകളെക്കുറിച്ചും അധ്യാപകർക്ക് കൃത്യമായ ധാരണയുണ്ടായിരിക്കണം.

ഭിന്നശേഷിയുള്ള കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകണം. സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത മേഖലകൾ മുൻകൂട്ടി കണ്ടെത്തുകയും, അലാറം സംവിധാനങ്ങൾ പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്യണം. കൂടാതെ, കൃത്യമായ ഇടവേളകളിൽ മോക് ഡ്രില്ലുകളും പരിശീലനങ്ങളും നൽകണം.

വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ

അധ്യാപകരുടെയും അധികൃതരുടെയും നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾ കർശനമായി പാലിക്കണം. അടിയന്തര സാഹചര്യമുണ്ടായാൽ പരിഭ്രാന്തരാകാതെയും തിരക്കുകൂട്ടാതെയും സുരക്ഷിത സ്ഥാനത്തേക്ക് മാറണം. ഇത്തരം സമയങ്ങളിൽ ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നതിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണം.

സ്കൂൾ ബസുകളിലെ സുരക്ഷ

നിശ്ചിത സ്ഥലങ്ങളിൽ നിന്ന് മാത്രം കുട്ടികളെ ബസിൽ കയറ്റുകയും ഇറക്കുകയും ചെയ്യുക. എല്ലാ കുട്ടികളും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഡ്രൈവർമാരും സൂപ്പർവൈസർമാരും ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായ സ്ഥലത്ത് ബസ് നിർത്തുകയും, കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം സ്കൂൾ അധികൃതരെ ഉടൻ തന്നെ വിവരം അറിയിക്കുകയും വേണം.

New safety guidelines for schools in Abu Dhabi

Next TV

Top Stories










News Roundup






Entertainment News