ദുബായ് : (gcc.truevisionnews.com) രാജ്യത്ത് നേരിട്ടുള്ള പഠനം പുനഃരാരംഭിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ ബസ് സർവീസുകളുമായി ബന്ധപ്പെട്ട് പ്രധാന പ്രഖ്യാപനവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. സർവീസുകൾ ഉടൻ ആരംഭിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.
പൊതു, സ്വകാര്യ നഴ്‌സറികൾ, കിൻഡർ ഗാർട്ടനുകൾ, സ്കൂളുകൾ എന്നിവയ്ക്കെല്ലാം തീരുമാനം ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനായി ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ബസ് ഓപ്പറേറ്റർമാർക്ക് കൂടുതൽ സമയം അനുവദിക്കാനായാണ് തീരുമാനം. അധികൃതർ നിശ്ചയിച്ച സുരക്ഷാ പ്രോട്ടോക്കോളുകൾ പൂർണമായി നടപ്പാക്കിയശേഷമേ സർവീസുകൾ പുനഃരാരംഭിക്കുകയുള്ളുവെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ നടപടികൾ പ്രതിവാര അവലോകനത്തിന് വിധേയമാക്കും. സാഹചര്യങ്ങളെ അടിസ്ഥാനമാക്കി തീരുമാനങ്ങളിൽ മാറ്റം വരുത്താനാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. സ്കൂൾ ബസ് സർവീസുകളുടെ പുനഃരാരംഭവുമായി ബന്ധപ്പെട്ട പുതുക്കലുകൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
UAE Ministry of Education announces School bus service will not resume immediately



























