ദുബൈ: (gcc.truevisionnews.com) വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് മലബാർ പ്രവാസി യു.എ.ഇ ഭാരവാഹികൾ ആവശ്യപ്പെട്ടു. സ്കൂൾ അവധിയും വിഷു, തുടങ്ങിയ ആഘോഷങ്ങളും മുന്നിൽക്കണ്ട് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്ക് നിലവിലെ നിരക്ക് വർധന വലിയ തിരിച്ചടിയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പ്രവാസികൾക്ക് ആശ്വാസമാകുന്ന ഗ്രൂപ്പ് ടിക്കറ്റുകളോ കുറഞ്ഞ നിരക്കുകളോ ലഭ്യമാക്കുന്നതിന് പകരം, വിമാനക്കമ്പനികൾ അമിത ലാഭത്തിനായി ചാർജ് വർധിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഓൺലൈനായി ചേർന്ന ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.
വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിവേദനം നൽകാനും മലബാർ പ്രവാസി യു.എ.ഇ തീരുമാനിച്ചു. പ്രസിഡന്റ് അഡ്വ. അസീസ് തോലേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ജമീൽ ലത്തീഫ്, മോഹൻ വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, മൊയ്തു കുറ്റ്യാടി, മുഹമ്മദ്അലി, രാജൻ കൊളാവിപ്പാലം എന്നിവർ സംസാരിച്ചു. സെക്രട്ടറി ശങ്കരനാരായണൻ സ്വാഗതവും ട്രഷറർ ചന്ദ്രൻ കൊയിലാണ്ടി നന്ദിയും രേഖപ്പെടുത്തി.
Malabar expatriates protest against ticket price hike in UAE

































