റിയാദ്: ( https://gcc.truevisionnews.com/) റിയാദിലെ പ്രവാസി വ്യവസായിയും സാമൂഹിക-ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ കോട്ടയം സ്വദേശി സ്റ്റീഫൻ ജോസഫ് (61) നാട്ടിൽ അന്തരിച്ചു. കോട്ടയം വൈലപ്പള്ളിമറ്റം കുടുംബാംഗമാണ്. കഴിഞ്ഞ 35 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായ അദ്ദേഹം റിയാദിലെ ബത്ഹയിൽ അപ്പോളോ ഡിമോറോ ഹോട്ടലിൽ 'റോളക്സ് ട്രാവൽസ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
അസുഖ ബാധിതനായതിനാൽ ഇടയ്ക്കിടെ നാട്ടിൽ ചികിത്സക്കായി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഒടുവിൽ നാട്ടിൽ പോയത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം.
റിയാദിൽനിന്ന് 160 കിലോമീറ്ററകലെയുള്ള മറാത്തിൽ കുടുംബസമേതമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മറാത്ത് ജനറൽ ആശുപത്രിയിലെ നഴ്‌സായ ഷിക്കു സ്റ്റീഫനാണ് ഭാര്യ. മക്കൾ: സ്റ്റാൻലി സ്റ്റീഫൻ (റിയാദ്), സ്റ്റെസ്ലി സ്റ്റീഫൻ (നഴ്‌സ്, അൽ മീശാരി ആശുപത്രി, റിയാദ്), തോമസ് (വിദ്യാർത്ഥി, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, മജ്മഅ). മരുമകൾ: റിയ.
ബിസിനസുകാരൻ എന്നതിലുപരി, നിശബ്ദനായ ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ആഗോള പ്രവാസി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) സൗദി, ഗ്ലോബൽ കമ്മിറ്റികളിൽ ഭാരവാഹിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Riyadh-based expatriate businessman and philanthropist Stephen Joseph passes away

































