മസ്കത്ത്: (gcc.truevisionnews.com)ദാഖിലിയ്യ ഗവർണറേറ്റിലെ മനാ വിലായത്തില വാദിയിൽ അപ്രതീക്ഷിത പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്വദേശി പൗരന്റെ മൃതദേഹം കണ്ടെടുത്തു. ബുധനാഴ്ച വൈകീട്ടാണ് പൗരനെ കാണാതായത്. തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റിയുടെ രക്ഷാപ്രവർത്തന വിഭാഗം അറിയിച്ചു. ബുധനാഴ്ച രാത്രി വിവിധ പ്രദേശങ്ങളിലായി വാദികളിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയിരുന്നു.
മസ്‌കത്ത് ഗവർണറേറ്റിലെ മത്ര വിലായത്തിൽ വാദിയിൽ കുടുങ്ങിയ ഒരാളെയും അൽ ദാഹിറ ഗവർണറേറ്റിലെ യാൻഖുൽ വിലായത്തിലെ വാദിയിലെ ഒഴുക്കിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെയും വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലെ അൽ നബ്റിൽ വാദിയിലെ ഒഴുക്കിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഒരാളെയുമാണ് സിവിൽ ഡിഫൻസ്-ആംബുലൻസ് വിഭാഗങ്ങളുടെ രക്ഷാപ്രവർത്തക സംഘം രക്ഷപ്പെടുത്തിയത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
Body of missing man found after being swept away in Manai

































