മസ്കത്ത്: (https://gcc.truevisionnews.com/) ഒമാനിലെ കനത്ത മഴയ്ക്കിടയിൽ രണ്ട് ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ച പാകിസ്താനി യുവാവിന്റെ ധീരത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒമാനിലെ ബർകയിൽ നിന്നുള്ള ഈ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ അതിരുകളില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രതീകമായാണ് വാഴ്ത്തപ്പെടുന്നത്.
ബർകയിലെ വാദിയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട രണ്ട് ഇന്ത്യക്കാരെയാണ് പാകിസ്താൻ സ്വദേശിയായ ഷഹ്‌സാദ് ഖാൻ സാഹസികമായി രക്ഷപ്പെടുത്തിയത്. പെഷാവർ സ്വദേശിയായ ഷഹ്‌സാദ് തന്റെ ജീവൻ പോലും പണയപ്പെടുത്തിയാണ് ഒഴുക്കിൽപ്പെട്ടവരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്. ദുരന്തമുഖത്തെ ഇദ്ദേഹത്തിന്റെ മനഃസ്സാന്നിധ്യത്തെയും ധീരതയെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
അതിലുപരി, അപകടത്തിൽപെട്ടവരുടെ ദേശമോ ഭാഷയോ നോക്കാതെ മനുഷ്യനെന്ന പരിഗണന മാത്രം നൽകിയതിനാണ് ഈ 25 കാരൻ സമൂഹമാധ്യമങ്ങളിൽ കൈയടി നേടിയത്. ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്ന് ബർകയിലെ ഒരു വാദി കരകവിഞ്ഞൊഴുകിയിരുന്നു. നൂറുകണക്കിന് പേർ വാദിയുടെ അരികിൽനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒരു കാർ വാദി മുറിച്ചുകടക്കാൻ ശ്രമിച്ച് വെള്ളത്തിൽ കുടുങ്ങുകയായിരുന്നു.
വെള്ളത്തിൽ ഭാഗികമായി മുങ്ങിയ കാറിന് മുകളിലേക്ക് പാലത്തിൽനിന്ന് വാഹനത്തിന് മുകളിലേക്ക് ഷഹ്സാദ് ചാടി. ആദ്യം കാലുകൾ ഉപയോഗിച്ച് ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കല്ല് ഉപയോഗിച്ച് ഗ്ലാസ് പൊട്ടിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്. ഷഹ്സാദ് ഖാനെ പാകിസ്ഥാൻ സോഷ്യൽ ക്ലബ്ബ് അഭിനന്ദനമറിയിച്ചു. ഖാന്റെ അതിരില്ലാ മനുഷ്യ സ്നേഹത്തിന് ആദരമൊരുക്കാനൊരുങ്ങുകയാണ് ഒമാനിലെ പാകിസ്താൻ എംബസിയും പാകിസ്താൻ പ്രവാസി സമൂഹവും.
Pakistani youth rescues two Indians from flash floods in Oman

































