മനാമ: (https://gcc.truevisionnews.com/) പ്രവാസികളുടെ നിരന്തരമായ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഗൾഫ് എയർ. നിലവിൽ തിരഞ്ഞെടുത്ത മൂന്ന് ദിവസങ്ങളിലേക്കുള്ള ബുക്കിംഗാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
പുതിയ ഷെഡ്യൂൾ പ്രകാരം മാർച്ച് 29-ന് തിരുവനന്തപുരത്തേക്കും മാർച്ച് 30-ന് തിരികെ ബഹ്റൈനിലേക്കും സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് മാർച്ച് 27, 29, ഏപ്രിൽ 1 തീയതികളിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഇതിന് പുറമേ 28 മാർച്ചിന് ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കും സർവീസുണ്ട്. സർവീസ് ആരംഭിച്ചെങ്കിലും ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നതിനാൽ സാധാരണക്കാർക്ക് ഉപകാരപ്പെടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരത്തേക്ക് ബുക്കിങ് ആരംഭിച്ച സമയം 350 ദീനാറിനടത്തും പിന്നീട് 400 ദീനാറുമായാണ് ചാർജ് വർധിച്ചത്. ദമ്മാം വഴിയാണ് സർവീസ് തുടരുന്നത്.
പ്രതിസന്ധി ആരംഭിച്ച മുതൽ ബഹ്റൈൻ ആകാശ പാത അടഞ്ഞു കിടക്കുകയാണ്. എന്നാൽ ദമ്മാം വഴി ഗൾഫ് എയർ പുനഃരാരംഭിച്ചിരുന്നു. ഇന്ത്യയിൽ ബോംബെയിലേക്കും ചെന്നൈയിലേക്കും നേരിട്ട് ഗൾഫ് എയർ സർവീസ് ആരംഭിച്ചെങ്കിലും കേരളത്തെ അവഗണിച്ചിരുന്നു. കേരളത്തിലേക്ക് ചാർട്ടർ വിമാനങ്ങൾ മാത്രമാണ് ഈ കാലയളവിൽ സർവീസ് നടത്തിയത്. ഇത് പ്രവാസികൾക്കിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ‘ഗൾഫ്മാധ്യമ’വും റിപ്പോർട്ട് ചെയ്തിരുന്നു.
ബഹ്‌റൈനിൽ നിന്നും ദമ്മാം വഴി കേരളത്തിലേക്ക് കൂടുതൽ ഫ്ലൈറ്റുകൾ വേണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയിച്ചിരുന്നു. കൂടാതെ മറ്റ് സംഘടനകളും ജനപ്രതിനിധികളും, ട്രാവൽ ഏജൻസികളും എയർലൈൻ കമ്പനി അധികൃതർക്കും കത്തയച്ചിരുന്നു. പൊതു വികാരത്തെ മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ടിക്കറ്റുകൾക്ക് വില വർധനവ് തുടരുന്ന ഈ സാഹചര്യത്തിൽ നേരിട്ട് സർവീസ് ആരംഭിച്ചാലും സാധാരണക്കാർക്ക് വലിയ ആശ്വാസമാകില്ല. കൂടൽ യാത്രക്കാരെത്തിയാൽ വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷ
Gulf Air opens bookings for direct flights to Kerala


































