നജ്‌റാൻ: (gcc.truevisionnews.com) സ്വന്തം ജീവൻ പണയപ്പെടുത്തി ഒരു കുടുംബത്തെ അഗ്നിബാധയിൽ നിന്നും രക്ഷിച്ച സമാഹ് ബിന്ദ് സഊദ് അൽ ദോസരി എന്ന യുവതിയുടെ ധീരതയ്ക്ക് നജ്‌റാൻ അമീർ ജലാവി ബിൻ അബ്ദുൽ അസീസിൻ്റെ ആദരം.
ചൊവ്വാഴ്ച അമീറിൻ്റെ കാര്യാലയത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ചാണ് സമാഹിൻ്റെ അസാമാന്യ ധൈര്യത്തെ അദ്ദേഹം ഔദ്യോഗികമായി പ്രശംസിച്ചത്. നജ്‌റാനിലെ ഒരു വസതിയിൽ തീപിടുത്തമുണ്ടായപ്പോൾ, പുകയും തീയും നിറഞ്ഞ വീടിനുള്ളിൽ അകപ്പെട്ടുപോയ കുടുംബാംഗങ്ങളെ ഒട്ടും ഭയപ്പെടാതെ ഓരോരുത്തരെയായി സുരക്ഷിതമായി പുറത്തെത്തിക്കാൻ സമാഹിന് സാധിച്ചു.
സിവിൽ ഡിഫൻസ് സംഘം എത്തുന്നതിന് മുൻപ് തന്നെ സമാഹ് നടത്തിയ ഈ നിർണ്ണായക ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു.പൗരന്മാരുടെ ഇത്തരം ധീരവും മാനുഷികവുമായ പ്രവർത്തനങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് ആദരിക്കൽ ചടങ്ങിൽ അമീർ ജലാവി വ്യക്തമാക്കി.
ഇസ്‌ലാമിൻ്റെ യഥാർത്ഥ മൂല്യങ്ങളും സമൂഹത്തിലെ ഐക്യവും പ്രതിഫലിപ്പിക്കുന്നതാണ് സമാഹിൻ്റെ ഈ മാതൃകാപരമായ പ്രവർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നജ്‌റാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഒതൈബിയും സമാഹിൻ്റെ പിതാവും പങ്കെടുത്ത ചടങ്ങിൽ സിവിൽ ഡിഫൻസ് അധികൃതർ സമാഹിനെ പ്രത്യേകം അഭിനന്ദിച്ചു.
അപകടസമയങ്ങളിൽ സാധാരണ പൗരന്മാരുടെ ജാഗ്രതയ്ക്കും ധൈര്യത്തിനും എത്രത്തോളം മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിച്ച സമാഹിൻ്റെ പ്രവർത്തനം ഇപ്പോൾ സോഷ്യൽ മീഡിയയിലും പ്രാദേശിക സമൂഹത്തിലും വലിയ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്.
മനുഷ്യസേവനത്തിൻ്റെയും തന്റേടത്തിൻ്റെയും ഉത്തമ ഉദാഹരണമായാണ് നജ്‌റാൻ നിവാസികൾ സമാഹിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്.
Najran Amir pays tribute to Samah for saving a family from death


































