കുവൈത്ത് സിറ്റി: (gcc.truevisionnews.com) ദന്തചികിത്സയ്ക്കിടെയുണ്ടായ മെഡിക്കൽ വീഴ്ചയെത്തുടർന്ന് ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ച സ്വദേശി പൗരന് 20,000 കുവൈത്തി ദിനാർ (ഏകദേശം 55 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ചികിത്സാ പിഴവ് മൂലം യുവാവിന്റെ വിവാഹം മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ നിർണായക വിധി. തന്റെ വിവാഹത്തിന് മുന്നോടിയായി ചിരിയിൽ ഭംഗി വരുത്തുന്നതിനായി 'കോസ്മെറ്റിക് ഡെന്റൽ വെനീറുകൾ' പിടിപ്പിക്കാനാണ് യുവാവ് ക്ലിനിക്കിനെ സമീപിച്ചത്. ഇതിനായി 7,000 ദിനാർ അദ്ദേഹം ചെലവാക്കിയിരുന്നു.
ചികിത്സയ്ക്ക് ശേഷം കഠിനമായ വേദനയും പഴുപ്പും പല്ലുകൾക്ക് അമിതമായ പുളിപ്പും അനുഭവപ്പെട്ടു. സ്വതന്ത്ര മെഡിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം, പല്ലിന്റെ ഇനാമൽ അമിതമായി തേച്ചു കളഞ്ഞത് പല്ലിലെ ഞരമ്പുകളെ ബാധിച്ചുവെന്നും വെനീറുകൾ ശരിയായ രീതിയിൽ ഉറപ്പിക്കാത്തതിനാൽ ബാക്ടീരിയൽ ഇൻഫെക്ഷൻ ഉണ്ടായെന്നും കണ്ടെത്തി.
ഇതേ തുടർന്ന് യുവാവ് വലിയ ശാരീരിക മാനസിക പ്രയാസമാണ് അനുഭവിച്ചത്. തുടർന്ന് വിവാഹം മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി. പല്ലുകൾ ശരിയാക്കുന്നതിനായി മറ്റൊരു സ്പെഷ്യലൈസ്ഡ് സെന്ററിൽ വലിയ തുക വീണ്ടും ചിലവാക്കേണ്ടി വന്നതായും ഇയാൾ കോടതിയെ അറിയിച്ചു. രോഗി സമ്മതപത്രത്തിൽ ഒപ്പിട്ടു എന്നത് ചികിത്സയിലെ ഗുരുതരമായ വീഴ്ചയിൽ നിന്ന് ക്ലിനിക്കിനെ ഒഴിവാക്കാൻ കാരണമാകില്ലെന്ന് കോടതി വ്യക്തമാക്കി.
Kuwait court fines dental clinic 20,000 dinars for medical error that caused young man's marriage to be aborted

































