ദുബായ്: (gcc.truevisionnews.com) യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. രാജ്യത്ത് കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരും മണിക്കൂറുകളിൽ കൂടുതൽ മഴയ്ക്കും താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ഈ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു. വാദികൾ, മലഞ്ചെരിവുകൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം. തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും രാത്രി 8:30 വരെ മഴ തുടരാൻ സാധ്യതയുണ്ട്. മലയോര മേഖലകളിൽ മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഉച്ചയ്ക്ക് 1:15 മുതൽ രാത്രി 8:30 വരെ പ്രത്യേക ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്.
ശക്തമായ കാറ്റ്, ഇടിമിന്നൽ, കനത്ത മഴ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ബീച്ചുകളിൽ പോകുന്നതും വെള്ളം കെട്ടിക്കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിൽ തങ്ങുന്നതും ഒഴിവാക്കണം. ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
Heavy rain in the UAE alert issued warning of potential flash floods



























