കുവൈത്ത് സിറ്റി: ( https://gcc.truevisionnews.com/) കുവൈത്തിൽ നിരോധിത സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുള്ള ഗ്രൂപ്പിൽ അംഗങ്ങളായ 10 പേർ കൂടി അറസ്റ്റിൽ. ശക്തമായ നിരീക്ഷണത്തിനും സുരക്ഷാ അന്വേഷണങ്ങൾക്കും ശേഷമാണ് നടപടി.
സംഘം രാജ്യ സുരക്ഷയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളിൽ എർപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ളയുമായി ബന്ധമുള്ള 14 പൗരന്മാരും രണ്ട് ലബനീസ് പൗരന്മാരും അടങ്ങുന്ന സംഘം രണ്ടു ദിവസം മുമ്പ് പിടിയിലായിരുന്നു. ഇതിന് പിറകെയാണ് വീണ്ടും അറസ്റ്റ്.
കുവൈത്തിൽ ലക്ഷ്യമിടുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്നതിനായി സംഘം ആസൂത്രണം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്തു. അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തയാറെടുപ്പിനായി, ആയുധങ്ങൾ ഉപയോഗിക്കുന്നതിലും ഡ്രോൺ ആക്രമണത്തിലും സംഘത്തിന് ഹിസ്ബുള്ളയുടെ ക്യാമ്പുകളിൽ വിദേശത്ത് പരിശീലനം ലഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
രാജ്യത്തിന്റെ പരമാധികാരത്തെയും സ്ഥിരതയെയും തകർക്കാനും സമൂഹത്തിൽ ഭയവും ഭീകരതയും പ്രചരിപ്പിക്കാനും ഇതുവഴി ലക്ഷ്യമിട്ടു. ഇത്തരം നടപടികൾ ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർ, തീവ്രവാദ ഗ്രൂപ്പുകളുമായി സഹകരിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. തീവ്രവാദ ഗൂഢാലോചനകളിൽ ഉൾപ്പെട്ട മറ്റുള്ളവർ ഉണ്ടെങ്കിൽ അവരെയും പിടികൂടുമെന്നും വ്യക്തമാക്കി.
Group linked to banned organization arrested in Kuwait


































