Mar 18, 2026 03:27 PM

യുഎഇ: (gcc.truevisionnews.com) യുഎഇയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകൾ, തീരപ്രദേശങ്ങൾ, ഉൾനാടൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പകൽ സമയത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

ചൂട് വീണ്ടും കുറയാൻ സാധ്യതയുണ്ട്. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മിതമായ കാറ്റ് വീശും. ഇത് പൊടിപടലങ്ങൾ ഉയരാൻ കാരണമായേക്കാം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിൽ തുറസ്സായ ഈദ് ഗാഹുകൾക്ക് പകരം പള്ളികൾക്കുള്ളിൽ വെച്ച് പെരുന്നാൾ നിസ്കാരം നിർവഹിക്കണമെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകി.വിശ്വാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തിയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. സാധാരണയായി വലിയ മൈതാനങ്ങളിലും മറ്റും നടക്കാറുള്ള ഈദ് ഗാഹുകൾക്ക് പകരം, ആ പ്രദേശങ്ങളിലെ ജുമാ മസ്ജിദുകളിലും നിസ്കാരത്തിനായി പ്രത്യേകം സജ്ജീകരിച്ച മറ്റ് പള്ളികളിലും സൗകര്യമൊരുക്കും.

വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പല പ്രവിശ്യകളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് വിശ്വാസികൾ പ്രാദേശികമായ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.




UAE Meteorological Center warns of rain in coming days

Next TV

Top Stories