Mar 13, 2026 12:16 PM

ദുബായ്: (gcc.truevisionnews.com) പേടിക്കാനൊന്നുമില്ല, അത് ചില വാഹനങ്ങളുടെ ഒച്ചയാണ്- യുഎഇയിലെ ജനവാസമേഖലകളിൽ അർധരാത്രിയിലുണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്ദം സ്ഫോടനമാണെന്ന് കരുതി നാട്ടുകാർ പരിഭ്രാന്തരായതോടെ, വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയവർക്കെതിരെ കർശന നടപടിയുമായി യുഎഇ പൊലീസ്.

എൻജിനുകളിൽ വരുത്തുന്ന കൃത്രിമ മാറ്റങ്ങൾ കാരണം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ഉച്ചത്തിലുള്ള ‘ബാക്ക് ഫയർ’ ശബ്ദമാണ് ജനങ്ങളെ ആശങ്കയിലാക്കിയത്. പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാർത്തകൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തിൽ ഈ ശബ്ദങ്ങൾ സ്ഫോടനങ്ങളോ മിസൈൽ ആക്രമണങ്ങളോ ആണോ എന്ന് പലരും സംശയിച്ചു.

പ്രത്യേകിച്ച് റമസാനിൽ ശാന്തമായ രാത്രിസമയങ്ങളിൽ കേൾക്കുന്ന ഇത്തരം ശബ്ദങ്ങൾ ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തിയിരുന്നു. എന്നാൽ, യുവാക്കൾ വാഹനങ്ങളുടെ എൻജിനുകളിൽ വരുത്തുന്ന മാറ്റങ്ങൾ മൂലമാണ് ഈ ശബ്ദങ്ങൾ ഉണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

പ്രശ്നം അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. ദുബായിലെയും ഷാർജയിലെയും ജനവാസകേന്ദ്രങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ പൊലീസ് പട്രോളിങ് ശക്തമാക്കി. സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്ന് ദുബായ് പൊലീസ് ഓപ്പറേഷൻസ് വിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി അറിയിച്ചു.

ജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഇത്തരം നിയമലംഘനങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാർജയിലും പ്രത്യേക പരിശോധനാ സംഘങ്ങളെ വിന്യസിച്ചതായി സെൻട്രൽ റീജിയൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രി. ഖലീഫ അൽ ഖസൂനി അറിയിച്ചു. നിയമവിരുദ്ധമായി പരിഷ്കരിച്ച വാഹനങ്ങൾക്കെതിരെ വൻ പിഴയാണ് ഈടാക്കുന്നത്.

∙പ്രധാന ശിക്ഷകൾ പിഴയും വാഹനം പിടിച്ചെടുക്കലും

2,000 ദിർഹം പിഴ: അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിച്ചാൽ. 12 ബ്ലാക്ക് പോയിന്റുകൾ: ലൈസൻസിൽ രേഖപ്പെടുത്തും.

വാഹനം കണ്ടുകെട്ടൽ: നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കും. 10,000 ദിർഹം വരെ: വാഹനം വിട്ടുനൽകുന്നതിനായി പിഴയും മറ്റ് ഫീസുകളും ഈടാക്കും.

dubai police crackdown vehicle noise and illegal modifications

Next TV

Top Stories










News Roundup