മക്ക: (gcc.truevisionnews.com) റമദാനിലെ പുണ്യദിനങ്ങളിൽ ഉംറ നിർവഹിക്കാനെത്തുന്ന തീർത്ഥാടകർ തിരക്ക് കുറഞ്ഞ സമയങ്ങൾ തിരഞ്ഞെടുക്കണമെന്ന് സൗദി ഹജ്-ഉംറ മന്ത്രാലയം നിർദ്ദേശിച്ചു. അർദ്ധരാത്രിക്ക് ശേഷമുള്ള സമയവും സുബ്ഹി നമസ്കാരത്തിന് ശേഷമുള്ള പുലർച്ചെയുമാണ് തീർത്ഥാടനത്തിന് ഏറ്റവും അനുയോജ്യമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. റമദാൻ അവസാന നാളുകളിൽ മക്ക ഹറം പള്ളിയിൽ അനുഭവപ്പെടുന്ന അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്താണ് തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. തിരക്കേറിയ സമയങ്ങൾ ഒഴിവാക്കുന്നത് കർമ്മങ്ങൾ കൂടുതൽ സുഗമമായി പൂർത്തിയാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
പവിത്രമായ ഈ മാസത്തില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നതിനായി ഒരാള്‍ ഒരു തവണ മാത്രം ഉംറ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിലൂടെ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടുകളില്ലാതെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം റമദാന്‍ മാസത്തിലെ രണ്ടാം പത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് 70,287 മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവിധ ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗങ്ങളില്‍ 42,422 പേര്‍ ചികിത്സ തേടി. 24,091 ഗുണഭോക്താക്കള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തി.
വിവിധ വിഭാഗങ്ങളിലായി 278 ശസ്ത്രക്രിയകള്‍ നടന്നു. ഇതില്‍ 111 ഹൃദയസംബന്ധമായ ചികിത്സകളും ഉള്‍പ്പെടുന്നു. രോഗാവസ്ഥ കണക്കിലെടുത്ത് 3,385 പേരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്ത് വിദഗ്ധ ചികിത്സ നല്‍കിയകായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വിവിധ ആരോഗ്യ വിഭാഗങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓരോ ചികിത്സയും ലഭ്യമാക്കുന്നതന്നും അധികൃതര്‍ അറിയിച്ചു.
Those whose visas have expired can return to the UAE without an entry permit


































