ദുബൈ: (gcc.truevisionnews.com) പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഗൾഫിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അനിശ്ചിതത്വത്തിലായതോടെ, പ്രവാസി വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് പ്രായോഗികവും അനുകമ്പാപൂർണവുമായ ഒരു തീരുമാനം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം കാരണം മാർച്ച് 2 മുതൽ പരീക്ഷകൾ മാറ്റിവെച്ചിരിക്കുകയാണ്. നിലവിൽ ഒമ്പത് മുതൽ പത്ത് വരെ പരീക്ഷകളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.
തടസ്സമില്ലാതെ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ അവസരമൊരുക്കുക, ഇന്ത്യയിലെയും വിദേശത്തെയും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള സാധ്യതകൾ സംരക്ഷിക്കുക, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള പ്രവാസി വിദ്യാർഥികളുടെ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നിങ്ങനെ പ്രധാനപ്പെട്ട മൂന്ന് ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയുടെ നേതൃത്വത്തിലാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. വിദ്യാർഥികളുടെ അക്കാദമിക് താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം അസാധാരണമാണെന്നും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ ന്യായമാണെന്നും സിബിഎസ്ഇ ദുബൈ റീജിയണൽ ഡയറക്ടർ ഡോ. രാം ശങ്കർ പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും നീതിയുക്തമായ ഒരു പരിഹാരം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാർച്ച് 14 ശനിയാഴ്ച സിബിഎസ്ഇ നിർണായക തീരുമാനമെടുക്കും. മാർച്ച് 16 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ അന്ന് വ്യക്തതയുണ്ടാകും. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെയും ബോർഡിന്റെയും തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
CBSE +2 exams in Gulf Expatriate Malayali organization demands student-friendly decision





























