മനാമ: (gcc.truevisionnews.com) പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം 11-ാം ദിവസവും സങ്കീർണ്ണമായി തുടരുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൗദി അറേബ്യയിലെ അൽ ഷൈബ എണ്ണപ്പാടത്തിന് നേരെയും വീണ്ടും ആക്രമണമുണ്ടായി. മേഖലയിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആഗോള വിപണിയിലും ആശങ്ക പരത്തുന്നുണ്ട്.
അതേസമയം, റഷ്യയും ചൈനയും ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ തങ്ങൾക്ക് നേരെ ഇനി ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് പൂർണ്ണമായ ഉറപ്പ് ലഭിച്ചാൽ മാത്രമേ വെടിനിർത്തലിന് തയ്യാറാവൂ എന്ന കർശന നിലപാടിലാണ് ഇറാൻ ഭരണകൂടം. തുർക്കിയും സമാധാന ചർച്ചകൾക്കായി ഇറാന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എങ്കിലും പ്രകോപനങ്ങൾ തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യൻ മേഖല അതീവ ജാഗ്രതയിലാണ്.
ഇറാൻ വിഷയത്തിൽ പരസ്പര വിരുദ്ധ പ്രസ്താവനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. യുദ്ധം ഏകദേശം പൂർത്തിയായെന്ന് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി യോഗത്തിൽ ഈ പരാമർശം ആവർത്തിച്ചില്ല. പകരം, യുദ്ധം തുടരുമെന്നാണ് ട്രംപ് പറഞ്ഞത്. ഹോർമൂസ് കടലിടുക്ക് അമേരിക്ക ഏറ്റെടുക്കുന്നത് പരിഗണനയിലാണ്. എണ്ണ വില കുറയ്ക്കാൻ ചില രാജ്യങ്ങൾക്ക് മേലുള്ള ഉപരോധം നീക്കുന്നത് ആലോചനയിലാണെന്നും ട്രംപ് പറഞ്ഞു.
ഇറാനെതിരെയുള്ള സൈനിക നടപടികൾ എന്ന് അവസാനിക്കും എന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസ്താവനകളാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. എണ്ണ വില ആഗോളതലത്തിൽ ഉയരുന്നതും ഓഹരി വിപണിയുടെ മൂല്ല്യം കുറയുന്നതും വൈറ്റ് ഹൗസിനെ വലിയ രീതിയിൽ സമ്മർദത്തിലാക്കിയിരുന്നു. യുദ്ധം ഏകദേശം പൂർത്തിയായിരിക്കുന്നുവെന്നാണ് ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ, അതിവേഗത്തിൽ ഇറാന്റെ സൈനിക ശേഷി നശിപ്പിക്കാനായെന്നും മിസൈൽ ലോഞ്ചറുകൾ 90 ശതമാനം തകർത്തെന്നുമാണ് പറഞ്ഞത്. തുടർന്ന് ഏതാനും മണിക്കൂറുകൾക്കകം റിപ്പബ്ലിക്കൻ പാർട്ടിയിലെ യോഗത്തിൽ ശത്രുവിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ യുദ്ധം തുടരുമെന്നും അതുവരെ അമേരിക്ക പിന്മാറില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. ഈ ആഴ്ച യുദ്ധം അവസാനിപ്പിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തത് നിരാശാജനകമായ ഒരു തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
Iran attack in Manama, one killed, 8 injured


































