Mar 10, 2026 08:25 AM

ദുബായ്: (gcc.truevisionnews.com) റമസാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്നവരുടെ വിശാലമനസ്കതയും കാരുണ്യവും മുതലെടുത്ത് ഭിക്ഷാടനം നടത്തിവന്ന 13 അംഗ ഏഷ്യൻ സംഘത്തെ ദുബായ് പൊലീസ് പിടികൂടി. വിദേശത്തുനിന്നുള്ള സംഘത്തലവന്റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന സംഘടിത ഭിക്ഷാടന ശൃംഖലയെയാണ് പൊലീസ് വലയിലാക്കിയത്.

മനസ്സലിയിക്കുന്ന കഥകൾ നിരത്തിയാണ് ഇവർ ജനങ്ങളെ സമീപിക്കുന്നത്. യുഎഇയിൽ കുടുങ്ങിപ്പോയതാണെന്നും നാട്ടിലേക്ക് മടങ്ങാൻ പണമില്ലെന്നും പറഞ്ഞ് പള്ളികൾ, ക്ലിനിക്കുകൾ, തിരക്കേറിയ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. റമസാനിൽ ദാനധർമങ്ങളുടെ പ്രാധാന്യത്തെയാണ് ഇവർ ചൂഷണം ചെയ്യുന്നത്.

സംഘടിത ഭിക്ഷാടനം നടത്തുന്നവർക്ക് കുറഞ്ഞത് 6 മാസം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷം രൂപ) പിഴയും ലഭിക്കും. വ്യക്തിപരമായി ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് 5000 ദിർഹം (1.24 ലക്ഷം രൂപ) പിഴയും മൂന്ന് മാസം തടവുമാണ് ശിക്ഷ. ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കരുതെന്നും ദാനധർമങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ അംഗീകൃത ചാരിറ്റി സംഘടനകൾ വഴി മാത്രം നൽകണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു.

തെരുവിൽ സഹായം ചോദിക്കുന്നവർ യഥാർഥത്തിൽ അർഹരല്ലെന്നും ക്രിമിനൽ സംഘങ്ങളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. ഭിക്ഷാടകരെ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പൊലീസിന്റെ Police Eye ആപ്പ് വഴിയോ 901 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും അഭ്യർഥിച്ചു.




A group of 13 expatriates who were begging for charity were arrested in Dubai

Next TV

Top Stories










News Roundup