ദോഹ: (truevisionnews.com) ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി ഖത്തർ പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് ചർച്ച നടത്തി. ഇറാൻ്റെ നീക്കങ്ങൾ ഖത്തറിന് നേരെയല്ലെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും ഈ വാദങ്ങൾ ഖത്തർ പൂർണ്ണമായും തള്ളിക്കളഞ്ഞു.
ഇറാൻ ജനങ്ങളെ ആക്രമിച്ചുവെന്നും തങ്ങളെ അനാവശ്യമായി യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും ആരോപിച്ച ഖത്തർ, ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതേസമയം തന്നെ സൗദി ഭരണാധികാരി ഇന്ത്യൻ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായതോടെ, അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വിലാപയാത്രയും അനുസ്മരണ ചടങ്ങുകളും താൽക്കാലികമായി മാറ്റിവെച്ചു.
ഇസ്രയേൽ പത്താം ഘട്ട വ്യോമാക്രമണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഇറാനിലെ പ്രധാന കേന്ദ്രങ്ങൾക്ക് പുറമെ ലബനോനിലും ഇസ്രയേൽ ശക്തമായ ബോംബാക്രമണം തുടരുകയാണ്.
യുദ്ധം ആരംഭിച്ച ശേഷം ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കടന്നതായാണ് മനുഷ്യാവകാശ സംഘടനയായ 'ഹരാന' നൽകുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. സംഘർഷം നിയന്ത്രണാതീതമായതോടെ അമേരിക്ക പശ്ചിമേഷ്യയിലെ മൂന്ന് എംബസികൾ അടച്ചുപൂട്ടുകയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ വാഷിംഗ്ടൺ നിർദ്ദേശം നൽകി. അതേസമയം, മേഖലയിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി അയൽരാജ്യങ്ങളുമായി ചേർന്ന് പ്രത്യേക ആകാശപാതകൾ ഒരുക്കിയതായി യുഎഇ അറിയിച്ചു.
Allegations that Qatar is being dragged into war


































