ദുബായ്: ( gcc.truevisionnews.com ) വ്രതമാസമായ റമസാനിൽ യുഎഇ നിരത്തുകളിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി സർവേ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ റമസാൻ കാലയളവിലെ 2,771 ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്ത് അൽ വത്ബ ഇൻഷുറൻസും റോഡ് സേഫ്റ്റി യുഎഇയും പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള ഉച്ചയ്ക്ക് 2 മുതൽ 4 വരെയുള്ള സമയമാണ് റോഡുകളിൽ ഏറ്റവും അപകടസാധ്യതയുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഴ്ചയിലെ കണക്കുകളെടുത്താൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ (17 ശതമാനം വീതം) റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഞായറാഴ്ച താരതമ്യേന സുരക്ഷിതമായ ദിവസമാണ് (9 ശതമാനം). ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയുള്ള സമയത്താണ് ആകെ അപകടങ്ങളുടെ 43 ശതമാനവും നടക്കുന്നത്. 36 മുതൽ 40 വയസ്സുവരെയുള്ള ഡ്രൈവർമാരാണ് അപകടങ്ങളിൽ കൂടുതൽ ഉൾപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
നോമ്പ് സമയത്തെ നിർജ്ജലീകരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന തളർച്ച, ഉറക്കക്കുറവ് എന്നിവ ഡ്രൈവർമാരുടെ ഏകാഗ്രതയെ ബാധിക്കുന്നുണ്ടെന്ന് റോഡ് സേഫ്റ്റി യുഎഇ മാനേജിങ് ഡയറക്ടർ തോമസ് എഡൽമാൻ പറഞ്ഞു. ഇത് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ കുറയ്ക്കുകയും റോഡിൽ അക്ഷമയ്ക്കും അശ്രദ്ധയ്ക്കും കാരണമാവുകയും ചെയ്യുന്നു.
സമയം നേരത്തെ കൂട്ടുക: തിരക്ക് ഒഴിവാക്കാൻ യാത്രകൾ നേരത്തെ പ്ലാൻ ചെയ്യുക.
ക്ഷമ ശീലമാക്കാം: ഇഫ്താറിന് (നോമ്പുതുറ) തൊട്ടുമുമ്പുള്ള സമയങ്ങളിൽ അമിതവേഗം ഒഴിവാക്കുക.
സീറ്റ് ബെൽറ്റ് നിർബന്ധം: ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റിന്റെ സുരക്ഷാ കവചം ഉറപ്പാക്കുക.
വിശ്രമം പ്രധാനം: വല്ലാതെ ക്ഷീണമോ ഉറക്കമോ തോന്നിയാൽ വാഹനം സുരക്ഷിതമായ ഒരിടത്ത് ഒതുക്കി വിശ്രമിക്കുക.
അകലം പാലിക്കുക: തൊട്ടുമുന്നിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുന്നത് പെട്ടെന്നുള്ള അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തങ്ങളുടെ പക്കലുള്ള ഡാറ്റ വിശകലനം ചെയ്ത് പുറത്തുവിടുന്നതെന്ന് അൽ വത്ബ ഇൻഷുറൻസ് സിഎഫ്ഒ മുരളീകൃഷ്ണൻ രാമൻ പറഞ്ഞു. റമസാനിൽ റോഡിലിറങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.
UAE roads to be cautious during Ramadan


































