ഒമാൻ: ( gcc.truevisionnews.com ) ഒമാനിലെ ഖസബ് തീരത്തിന് വടക്കുപടിഞ്ഞാറായി കപ്പൽ പാതയോട് ചേർന്നുള്ള കടൽമേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായത്. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരമനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 3.08 ഓടെയായിരുന്നു ഭൂചലനം. ഖസബിൽ നിന്ന് ഏകദേശം 386 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറൻ ദിശയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
ഇത് ഭൂചലന സജീവ മേഖലയായി കണക്കാക്കപ്പെടുന്ന തെക്കൻ ഇറാൻ പ്രദേശത്താണെന്ന് അധികൃതർ വ്യക്തമാക്കി. പ്രാഥമിക വിവരങ്ങൾ പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. മുസന്ദത്തിൽനിന്ന് ഭൂചലനമുണ്ടായയിടത്തേക്ക് ദൂരം കൂടുതലാണെങ്കിലും ഖസബിലും വടക്കൻ എമിറേറ്റുകളിലെ ചില ഉയരം കൂടിയ കെട്ടിടങ്ങളിലുമുള്ളവർക്ക് നേരിയ കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. എന്നാൽ, പരിക്കുകളോ കെട്ടിടനാശമോ അത്യാവശ്യ സേവനങ്ങളിൽ തടസ്സമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Strong earthquake hits Oman coast; 5.2 magnitude recorded on Richter scale

































