ദുബായ്: ( gcc.truevisionnews.com ) വ്രതമാസമായ റമസാനിൽ സുരക്ഷയും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി വിപുലമായ ബോധവൽക്കരണ പരിപാടികളും പദ്ധതികളുമായി ദുബായ് പൊലീസ്. ‘സുരക്ഷിതമായ റമസാൻ’ ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.
‘ഭിക്ഷാടനമില്ലാത്ത ബോധവൽക്കരണ സമൂഹം’ എന്ന പ്രമേയത്തിൽ ഭിക്ഷാടന വിരുദ്ധ ക്യാംപെയിൻ പൊലീസ് ശക്തമാക്കും. കഴിഞ്ഞ 5 വർഷത്തിനിടെ 1,801 ഭിക്ഷാടന കേസുകളാണ് ദുബായിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം മാത്രം 206 കേസുകൾ റജിസ്റ്റർ ചെയ്തു. റമസാനിലെ കാരുണ്യ മനസ്സിനെ ചൂഷണം ചെയ്യുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ബ്രി. അലി സലേം (ഡയറക്ടർ, ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്മെന്റ്) പറഞ്ഞു. വ്യാജ രേഖകളും കുട്ടികളെയും ഉപയോഗിച്ചുള്ള ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ ‘പൊലീസ് ഐ’ (Police Eye) ആപ്പ് വഴിയോ വിവരം അറിയിക്കണം.
ഇഫ്താർ സമയം അറിയിക്കുന്ന പീരങ്കികൾ ഇത്തവണ നഗരത്തിലെ 19 കേന്ദ്രങ്ങളിൽ മുഴങ്ങുമെന്ന് റമസാൻ പീരങ്കി വിഭാഗം കമാൻഡർ ലഫ്. കേണൽ അബ്ദുല്ല താരിഷ് അൽ അമീമി അറിയിച്ചു. ബുർജ് ഖലീഫ, എക്‌സ്‌പോ സിറ്റി, ഡമാക് ഹിൽസ് തുടങ്ങി 6 സ്ഥിരം കേന്ദ്രങ്ങളിലും 13 മൊബൈൽ കേന്ദ്രങ്ങളിലുമാണ് പീരങ്കികൾ സജ്ജമാക്കുക. ഹത്തയ്ക്കായി പ്രത്യേക മൊബൈൽ പീരങ്കിയുമുണ്ട്.
നോമ്പുതുറ സമയത്തെ തിരക്കും അമിതവേഗവും കുറയ്ക്കാൻ ‘അപകടരഹിത റമസാൻ’ പദ്ധതിയുടെ ഭാഗമായി ഡ്രൈവർമാർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യും. സിറ്റി വാക്ക്, സത്വ, അൽ മിസ്ഹർ തുടങ്ങി 7 പ്രധാന ജങ്ഷനുകളിലാണ് വിതരണം. 679 വൊളന്റിയർമാർ ഇതിനായി രംഗത്തുണ്ടാകുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസ് ഡയറക്ടർ ബ്രി. അലി ഖൽഫാൻ അൽ മൻസൂരി വ്യക്തമാക്കി.
അനുമതിയില്ലാതെ പടക്കങ്ങൾ വിൽക്കുന്നതും സൂക്ഷിക്കുന്നതും കർശനമായി നിരോധിച്ചു. നിയമം ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും കുറഞ്ഞത് ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ ലഭിക്കും. പടക്കങ്ങൾ കുട്ടികൾക്ക് വരുത്തിവെക്കുന്ന അപകടങ്ങൾ കണക്കിലെടുത്താണ് നടപടി.
ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെ 25 ഇനങ്ങളിലായി റമസാൻ ഗെയിംസ് ചാംപ്യൻഷിപ്പ് നടക്കും. ക്രിക്കറ്റ്, സൈക്ലിങ്, ഫുട്ബോൾ തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളാണ് പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കുമായി ഒരുക്കിയിരിക്കുന്നത്.
Safe Ramadan Strict action will be taken if these rules are violated in the UAE





























