ഷാർജ: ( gcc.truevisionnews.com ) റമസാനിൽ പകൽ സമയങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിനും വിൽക്കുന്നതിനും റസ്റ്ററന്റുകൾക്കു പ്രത്യേക അനുമതി നൽകുമെന്നു ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഷോപ്പിങ്മാളുകൾ, റസ്റ്ററന്റുകൾ, കഫറ്റീരിയകൾ, പൈതൃക ഭക്ഷ്യസ്ഥാപനങ്ങൾ, ബേക്കറികൾ തുടങ്ങിയവയ്ക്ക് നോമ്പ് തുറക്കുന്നതിനു മുൻപ് ഭക്ഷണം പ്രദർശിപ്പിക്കാനു വിൽക്കാനും സാധിക്കും. ഇതിനുള്ള പ്രത്യേക പെർമിറ്റുകളുടെ വിതരണം നഗരസഭ ആരംഭിച്ചു.
പുണ്യമാസത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമാണ് പ്രത്യേക പെർമിറ്റുകൾ നൽകുന്നത്. ആവശ്യമുള്ളവർക്ക് മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. വ്യവസ്ഥകൾക്ക് വിധേയമാകുള്ള അപേക്ഷകൾ സ്വീകരിച്ച് പെർമിറ്റ് നൽകും. അംഗീകൃത സേവന കേന്ദ്രങ്ങൾ വഴിയും പെർമിറ്റുകൾ ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി ആരോഗ്യ നിയന്ത്രണ, സുരക്ഷാ വകുപ്പ് അറിയിച്ചു.
നഗരസഭാ ചട്ടങ്ങൾ അനുസരിച്ചാണ് റമസാൻ ഭക്ഷ്യവിഭവ വിതരണ പെർമിറ്റുകൾ അനുവദിക്കുന്നത്. ഭക്ഷണം തയാറാക്കലും പാചകവും അടുക്കളകൾക്കുള്ളിൽ നടത്തണമെന്ന വ്യവസ്ഥയുണ്ട്. റസ്റ്ററന്റിനു പുറത്തുള്ള പാചകം അനുവദിക്കില്ല. സ്ഥാപനത്തിലെ ഡൈനിങ് ഏരിയകൾ ഉപയോഗിക്കുന്നത് നിരോധിച്ചു.
ഇഫ്താർ സമയത്തിന് മുൻപ് കടകൾക്ക് പുറത്ത് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനും പെർമിറ്റ് വേണം. തുരുമ്പെടുക്കാത്ത ലോഹ പാത്രങ്ങളിലാണ് വിഭവങ്ങൾ വയ്ക്കേണ്ടത്. ഭക്ഷണം വിളമ്പി വയ്ക്കുന്ന സ്ഥലത്ത് പൊടിയോ മണലോ പറന്നു വീഴാൻ പാടില്ല. കുറഞ്ഞത് നൂറ് സെന്റീമീറ്റർ ഉയരമുള്ള, ഭദ്രമായി അടച്ച ഗ്ലാസ് ബോക്സിലായിരിക്കണം ഭക്ഷണം പ്രദർശിപ്പിക്കേണ്ടത്.
ഭക്ഷണം ഫുഡ്ഗ്രേഡ് അലുമിനിയം ഫോയിലോ സുതാര്യമായ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചോ മൂടിയിരിക്കണം.ഫുഡ്ഗ്രേഡ് പാക്കേജിങ് വസ്തുക്കൾ ഉപയോഗിക്കണമെന്നാണ് നിർദേശം. അനുയോജ്യമായ താപനിലയിലാവണം റമസാൻ വിഭവങ്ങൾ സൂക്ഷിക്കേണ്ടതെന്നും മുനിസിപ്പാലിറ്റി നിർദേശിച്ചു. വെബ്സൈറ്റ് വഴിയുള്ള പെർമിറ്റ് അപേക്ഷകൾ 2 മിനിറ്റിൽ പൂർത്തിയാക്കാൻ സാധിക്കും.
Sharjah makes permits mandatory for food sales during Ramadan




























