ഷാർജ: (gcc.truevisionnews.com) യുഎഇയിൽ താപനില ക്രമാനുഗതമായി വർധിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. ഇന്ന്(ബുധൻ) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അതേസമയം രാവിലെ അനുഭവപ്പെടുന്ന ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് കാലാവസ്ഥാ കേന്ദ്രം റെഡ്, യെലോ അലർട്ടുകൾ പുറപ്പെടുവിച്ചു.
അബുദാബിയിൽ 29 ഡിഗ്രിയും ദുബായിൽ 28 ഡിഗ്രിയുമായിരിക്കും കൂടിയ താപനില. കുറഞ്ഞ താപനില യഥാക്രമം 17, 18 ഡിഗ്രി സെൽഷ്യസ് വരെയാകാൻ സാധ്യതയുണ്ട്. കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും തീരദേശങ്ങളിലും ദ്വീപുകളിലും ഈർപ്പമുള്ള കാലാവസ്ഥയ്ക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് നിർദേശിച്ചു. റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗപരിധി കൃത്യമായി പാലിക്കണം. മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെങ്കിലും കടൽ പൊതുവെ ശാന്തമായിരിക്കും.
Uae Air temperature rises heavy fog NCM issues warning


































