ഷാർജ: ( gcc.truevisionnews.com ) ഷാർജയിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ നിമിഷങ്ങൾക്കുള്ളിൽ മോഷണം പോയി. കാർ മോഷ്ടിച്ചു കടന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി. വാഹനത്തിന്റെ ലോക്ക് തുറന്നു കിടക്കുന്നതും ജനൽ ഗ്ലാസ് ഭാഗികമായി താഴ്ത്തി വെച്ചതും കണ്ട മോഷ്ടാവ് ഉടമ തിരിച്ചുവരുന്നതിന് മുൻപ് കാർ ഓടിച്ചു പോകുകയായിരുന്നു.
ഒരു സ്വദേശി യുവാവ് തന്റെ കാർ റോഡരികിൽ പാർക്ക് ചെയ്ത ശേഷം തൊട്ടടുത്ത കടയിലേക്ക് പോകുകയായിരുന്നു. മിനിറ്റുകൾക്ക് ശേഷം തിരികെ എത്തിയപ്പോൾ തന്റെ കാർ മറ്റൊരാൾ ഓടിച്ചു പോകുന്നത് കണ്ട് ഉടമ ഞെട്ടിപ്പോയി. വേഗത്തിൽ നീങ്ങിയ വാഹനത്തിന് പിന്നാലെ ഇയാൾ ഓടിയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. തുടർന്ന് ഉടൻ തന്നെ ഷാർജ പൊലീസിൽ വിവരമറിയിച്ചു.
പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഒരു ക്യാമറയിൽ മോഷ്ടാവിന്റെ മുഖവും കാർ പോയ ദിശയും വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് കാറിന്റെ നന്പറും മറ്റ് അടയാളങ്ങളും സഹിതം പൊലീസ് എല്ലാ യൂണിറ്റുകൾക്കും വിവരം കൈമാറി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്ത് കാർ കണ്ടെത്തി. പ്രദേശം വളഞ്ഞ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വാഹനം ഉടമയ്ക്ക് കൈമാറുകയും ചെയ്തു.
Suspect arrested for stealing car parked in front of shop in Sharjah



































