കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) ഇലക്‌ട്രോണിക് പണമിടപാടുകളിൽ ഉപയോക്താക്കളിൽനിന്ന് അധിക ഫീസ് ഈടാക്കുന്നത് കർശനമായി നിരോധിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പണമിടപാടുകൾക്ക് ഫീസ് ഈടാക്കരുതെന്നാണ് പുതിയ സർക്കുലറിൽ വ്യക്തമാക്കിയത്.
രാജ്യത്തെ എല്ലാ ബാങ്കുകൾക്കും സേവനദാതാക്കൾക്കും നിർദേശം ഔദ്യോഗികമായി കൈമാറിയതായും അധികൃതർ വ്യക്തമാക്കി. സാധനങ്ങൾ വാങ്ങാനോ സേവനം സ്വീകരിക്കാനോ കാർഡ് ഉപയോഗിക്കുന്ന സാഹചര്യത്തിൽ, വ്യാപാരികൾ ഉപയോക്താക്കളിൽനിന്ന് കമീഷൻ, സർവീസ് ചാർജ്, പ്രോസസിങ് ഫീസ് എന്നിവയുൾപ്പെടെ യാതൊരു അധിക തുകയും ഈടാക്കാൻ പാടില്ല.
ഷോപ്പുകളിലെ പിഒഎസ് മെഷീനുകൾ, ഓൺലൈൻ പണമടയ്ക്കൽ ഗേറ്റ്‌വേ, ഇലക്‌ട്രോണിക് വാലറ്റുകൾ എന്നിവ വഴി നടക്കുന്ന എല്ലാ ഇടപാടുകൾക്കും നിരോധനം ബാധകമാണ്. നിയമം ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
ആവർത്തിച്ച ലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പണമിടപാട് സേവനങ്ങൾ റദ്ദാക്കാൻ ബാങ്കുകൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഇതോടൊപ്പം, ബാങ്കുകളും വ്യാപാരികളും തമ്മിൽ നിലവിലുള്ള കരാറുകളിൽ ഈ വ്യവസ്ഥ നിർബന്ധമായി ഉൾപ്പെടുത്തി പുതുക്കി നൽകാനും നിർദേശമുണ്ട്.
പലയിടങ്ങളിലും കാർഡ് ഉപയോഗിക്കുമ്പോൾ 100 ഫിൽസോ അതിലധികമോ ഉപയോക്താക്കളിൽനിന്ന് അധികമായി ഈടാക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പുതിയ സർക്കുലർ പ്രാബല്യത്തിൽ വന്നതോടെ, ഉപയോക്താക്കൾ ഇനി മുതൽ ഇത്തരത്തിലുള്ള അനധികൃത അധിക ഫീസുകൾ നൽകേണ്ടതില്ല. രാജ്യത്തെ ഇലക്‌ട്രോണിക് പണമിടപാട് സംവിധാനം കൂടുതൽ സുതാര്യവും ഉപഭോക്തൃ സൗഹൃദവുമായ രീതിയിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
electronic money transactions no additional fees kuwait central bank


































