ദോഹ: [gcc.truevisionnews.com] 2025–26 ക്രൂസ് സീസണിൽ ഖത്തറിന് പുതിയ നേട്ടമായി രണ്ട് അന്താരാഷ്ട്ര ക്രൂസ് കപ്പലുകളുടെ കന്നി സന്ദർശനം. ‘സെവൻ സീസ് നാവിഗേറ്റർ’യും ‘സെലസ്റ്റിയൽ ഡിസ്‌കവറി’യുമാണ് ആദ്യമായി ഓൾഡ് ദോഹ പോർട്ടിൽ നങ്കൂരമിട്ടത്.
മവാനി ഖത്തറിന്റെ സഹകരണത്തോടെ ഖത്തർ ടൂറിസം സംഘടിപ്പിച്ച ചടങ്ങിൽ കപ്പലുകളെ ഔദ്യോഗികമായി സ്വീകരിച്ചു. റീജന്റ് സെവൻ സീസ് ക്രൂസസ് നടത്തുന്ന, ബഹാമാസിൽ രജിസ്റ്റർ ചെയ്ത സെവൻ സീസ് നാവിഗേറ്റർ ഡിസംബർ 14നാണ് ദോഹയിലെത്തിയത്.
373 യാത്രക്കാരും 365 ജീവനക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. സെലസ്റ്റിയൽ ക്രൂസസ് നടത്തുന്ന സെലസ്റ്റിയൽ ഡിസ്‌കവറിയുടെ ആദ്യ സന്ദർശനത്തിനും ഇതോടെ ദോഹ തുറമുഖം വേദിയായി.
ഏകദേശം 1,322 യാത്രക്കാരും 476 ജീവനക്കാരുമായാണ് സെലസ്റ്റിയൽ ഡിസ്‌കവറി ഖത്തറിലെത്തിയത്. 2025–26 ക്രൂസ് സീസണിലെ പ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന ഈ കന്നി സന്ദർശനങ്ങൾ, ഖത്തറിന്റെ ക്രൂസ് ടൂറിസം മേഖലയിലെ തുടർച്ചയായ വളർച്ചയും അന്താരാഷ്ട്ര പ്രാധാന്യവും വ്യക്തമാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
visit of cruise ships

































