റാസൽഖൈമ: [gcc.truevisionnews.com] പുതുവത്സരാഘോഷത്തെ അതിസന്ദർഭമാക്കാൻ രാസൽഖൈമ ഈ വർഷവും ഗിന്നസ് വേൾഡ് റെക്കോർഡിനായി ഒരുങ്ങുന്നു. ആറു കിലോമീറ്റർ നീളത്തിൽ തുടർച്ചയായി 15 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗം അവതരിപ്പിക്കാനാണ് തയ്യാറെടുപ്പ്.
‘ലോങ്‌സ്റ്റ് ചെയിൻ ഓഫ് ഫയർവർക്സ്’ വിഭാഗത്തിലാണ് ഈ വർഷത്തെ റെക്കോർഡ് ശ്രമം. വെടിക്കെട്ടിനൊപ്പം 2300 ഡ്രോണുകളെ അണിനിരത്തി ഭംഗിയാർന്ന ഡ്രോൺ ഷോയും ലേസർ ഷോയും മർജാൻ ഐലൻഡിന്റെയും അൽഹംറയുടെയും ആകാശത്ത് അരങ്ങേറും.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ മാത്രം 13 ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയ റാസൽഖൈമ, ഇത്തവണയും അതുല്യമായ അനുഭവം ഒരുക്കുകയാണ്. ജനങ്ങൾക്കായി രണ്ടു ഘട്ടങ്ങളിലായിരിക്കും വെടിക്കെട്ട്:
രാത്രി 8 മണിക്ക് കോർണിഷ് അൽഖവാസിമിൽ അർധരാത്രിയിൽ മർജാൻ ഐലൻഡിലും അൽഹംറ ബേയിലുമാണ് മുഖ്യ പ്രദർശനം. ഡിസംബർ 31ന് ഉച്ചയ്ക്ക് 2 മണി മുതൽ അൽഹംറയിൽ വിപുലമായ പുതുവത്സരാഘോഷ പരിപാടികൾ ആരംഭിക്കും.
കുടുംബങ്ങൾക്കും കുട്ടികൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാഹന വിവരങ്ങൾ നൽകി www.raknye.com വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. എത്താൻ സാധിക്കാത്തവർക്ക് അതേ വെബ്സൈറ്റിലൂടെ ആഘോഷങ്ങൾ ലൈവായി കാണാനും സൗകര്യമുണ്ട്.
Guinness World Record, Ras Al Khaimah


































