കുവൈത്ത് സിറ്റി: [gcc.truevisionnews.com] വൻതോതിലുള്ള ലഹരി വിൽപ്പന ശ്രമം ചോർന്നതോടൊപ്പം ഏഷ്യൻ പൗരനെ പിടികൂടിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതി മയക്കുമരുന്ന് കൈവശം വെച്ചിരിക്കുന്നുവെന്ന രഹസ്യ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്.
പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ അഞ്ച് കിലോ ഹെറോയിൻ, രണ്ട് കിലോ മെത്താംഫെറ്റാമൈൻ എന്നിവ അടങ്ങിയ ഏഴ് കിലോ ലഹരി വസ്തുക്കൾ കണ്ടെത്തി. കൂടാതെ ലഹരി തൂക്കാൻ ഉപയോഗിച്ച രണ്ട് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
പ്രതിയെയും പിടിച്ചെടുത്ത മയക്കുമരുന്നിനെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറിയതായി മന്ത്രാലയം അറിയിച്ചു. ലഹരി കടത്ത്, വിൽപ്പന, ഉപയോഗം എന്നിവ കണ്ടെത്താൻ പരിശോധന ശക്തിപ്പെടുത്തുമെന്നും കുറ്റവാളികളെ എവിടെയുണ്ടെങ്കിലും പിടികൂടാൻ 24 മണിക്കൂറും നിരീക്ഷണവും തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് പുതിയ മയക്കുമരുന്ന് നിയമം ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. ലഹരി ഇടപാടുകാരെ അതീവ കർശനമായി നേരിടുന്ന ഈ നിയമം വധശിക്ഷയടക്കമുള്ള കനത്ത ശിക്ഷകളും ദീർഘകാല തടവും പിഴയും ഉൾക്കൊള്ളുന്നുവെന്ന് അധികൃതർ അറിയിച്ചു.
Kuwait City, drug sales

































