ദമാം: (gcc.truevisionnews.com) സന്ദർശക വീസയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയെ യാത്രയാക്കി മടങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിലെ താമസസ്ഥലത്ത് അന്തരിച്ചു. എറണാകുളം, ആലുവ സ്വദേശി ചാലക്കൽ, തോപ്പിൽ വീട്ടിൽ അബ്ദുൽ സത്താർ(56) ആണ് ദമാം മലബാർ ഹോട്ടലിനു സമീപത്തെ താമസസ്ഥലത്ത് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഭാര്യ ഷജീന ബീഗത്തെ വീസ കാലാവധി കഴിഞ്ഞതോടെ നാട്ടിലേക്ക് യാത്രയാക്കി ദമാം വിമാനത്താവളത്തിൽ നിന്നും മടങ്ങിയെത്തിയതായിരുന്നു. സുരക്ഷിതമായി താൻ നാട്ടിലെത്തിയെന്ന വിവരം അറിയിക്കാൻ ഷജിന ഫോൺ ചെയ്തുവെങ്കിലും സത്താർ ഫോൺ എടുത്തിരുന്നില്ല.
ജോലി ചെയ്യുന്ന ദമാമിലെ കോൺട്രാക്ടിങ് കമ്പനിയിലെ സ്ഥാപനത്തിലെ സഹജീവനക്കാരന്റെ ഒപ്പമാണ് സത്താർ ദിവസവും ജോലിക്കു പോയി വന്നിരുന്നത്. പതിവ് പോലെ അദ്ദേഹം കൂട്ടികൊണ്ടുപോകാനെത്തി കാത്തു നിന്നിട്ടും പുറത്ത് കാണാതായതോടെ ഫോണിൽ വിളിച്ചു. പ്രതികരിക്കാത്തതിൽ അസ്വാഭാവികത തോന്നിയതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയെ പൊലീസ് വാതിൽ ബലം പ്രയോഗിച്ചു തുറന്നു നോക്കുമ്പോൾ കിടപ്പുമുറിയിൽ പ്രഭാത നമസ്കാരത്തിനിടെ നിലത്ത് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ച് ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ ആംബുലൻസിൽ മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ദമാമിലെ സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. മക്കൾ: ഫാത്തിമ (ഖത്തർ), മുഹമ്മദ് ഫയ്യാസ്(വിദ്യാർഥി). കെഎംസിസി ജനസേവന വിഭാഗം ചുമതലയുള്ള കബീർ കൊണ്ടോട്ടിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു.
malayali expat death dammam


































