ഷാർജ: (gcc.truevisionnews.com) യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഷാർജയിൽ പൊതു പാർക്കിങ് സൗജന്യമായി പ്രഖ്യാപിച്ചു. ഈദ് അൽ ഇത്തിഹാദ് പൊതു അവധി കണക്കിലെടുത്ത് ഇന്നും( തിങ്കൾ) നാളെ(ചൊവ്വ) വാഹന പാർക്കിങ് ഫീസ് ഈടാക്കുകയില്ലെന്ന് അധികൃതർ അറിയിച്ചു.
ഈ സൗജന്യം സ്മാർട്ട് പാർക്കിങ് യാർഡുകൾക്കും 'നീല' നിറത്തിലുള്ള, ആഴ്ചയിലുടനീളവും ഔദ്യോഗിക അവധികളിലും പ്രവർത്തിക്കുന്ന പ്രത്യേക പെയ്ഡ്-പാർക്കിങ് സോണുകൾക്കും ബാധകമല്ലെന്നും അധികൃതർ അറിയിച്ചു. സാധാരണഗതിയിൽ ഷാർജയിൽ വെള്ളിയാഴ്ചകളിൽ സൗജന്യമായി പാർക്കിങ്ങാണ്.
ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ ഒന്നിനും രണ്ടിനും പൊതു അവധി പ്രഖ്യാപിച്ചതോടെ യുഎഇയിലെ ഭൂരിഭാഗം താമസക്കാർക്കും നാല് ദിവസത്തെ നീണ്ട വാരാന്ത്യമാണ് ലഭിക്കുന്നത്. സാധാരണ വാരാന്ത്യമായ ശനിയും ഞായറും ചേരുമ്പോൾ ഇത് നാല് ദിവസത്തെ ഇടവേളയായി മാറുന്നു. ഇതിനിടെ, ചില ജീവനക്കാർക്ക് വെള്ളിയാഴ്ചയും അവധിയുള്ള ഷാർജയിൽ ഈ താമസക്കാർക്ക് അഞ്ച് ദിവസത്തെ തുടർച്ചയായ അവധിക്കാലമാണ് ലഭിക്കുക.
അതേസമയം, ദുബായിലും ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ മൂന്ന് മുതൽ ഫീസ് പുനരാരംഭിക്കും. മൾട്ടി-സ്റ്റോറി കാർ പാർക്കുകളിലും അൽ ഖൈൽ ഗേറ്റ് എൻ-365ലും ഈ സൗജന്യം ബാധകമല്ല. കൂടാതെ, യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് അബുദാബിയിൽ ഇന്നലെ(30) മുതൽ തുടർച്ചയായി മൂന്ന് ദിവസത്തേക്ക് പാർക്കിങ് സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ കാലയളവിൽ ദർബ് ടോളുകളും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Long holiday begins Public parking in Sharjah free in celebration of UAE's National Day




























