അബുദബി: ( gcc.truevisionnews.com ) ദുബായ് എയര്‍ഷോക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തിൽ തകര്‍ന്ന സംഭവത്തിനുശേഷവും എയര്‍ഷോ തുടര്‍ന്നതിൽ വിശദീകരണവുമായി സംഘാടകര്‍. ദുബായ് എയര്‍ഷോ സംഘാടകരാണ് ഇതുസംബന്ധിച്ച് വിശദീകരണം നൽകിയത്.
തേജസ് അപകടത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ വ്യോമസേന വിങ് കമാന്‍ഡര്‍ നമൻഷ് സ്യാലിന് ആദരവ് നൽകുന്നതിനുവേണ്ടിയാണ് എയര്‍ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.
വിങ് കമാന്‍ഡറുടെ മരണത്തിനുശേഷം നടന്ന വ്യോമ അഭ്യാസം പ്രകടനങ്ങളെല്ലാം അദ്ദേഹത്തിന്‍റെ കഴിവിനും സേവനത്തിനും ആദരം അർപ്പിക്കുന്നതായിരുന്നു. എയർഷോയിൽ പങ്കെടുക്കുന്ന അംഗങ്ങളുമായി സംസാരിച്ചാണ് അത്തരമൊരു തീരുമാനം എടുത്തതെന്നും ദുബായ് എയര്‍ഷോ സംഘാടകര്‍ വിശദീകരിച്ചു.
ദുബായ് എയർ ഷോ 2025-ൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് വിമാനം തകർന്ന് പൈലറ്റ് വിംഗ് കമാൻഡർ നമൻഷ് സ്യാൽ മരിച്ചതിന് ശേഷവും എയര്‍ ഷോ തുടര്‍ന്നതിനെതിരെ അമേരിക്കൻ പൈലറ്റ് രംഗത്തെത്തിയിരുന്നു. ഷോ തുടരാനുള്ള സംഘാടകരുടെ തീരുമാനം ഞെട്ടിച്ചുവെന്നായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് പൈലറ്റ് മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഇന്ത്യൻ പൈലറ്റിനോടും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടുമുള്ള ആദര സൂചകമായി തന്‍റെ ടീം അവസാന പ്രകടനം റദ്ദാക്കിയതായും അദ്ദേഹം കുറിച്ചിരുന്നു. 1500 മണിക്കൂറിലധികം പറക്കൽ പരിചയമുള്ള ടെക്സാസ് സ്വദേശിയായ എഫ്-16 വൈപ്പർ ഡെമോൺസ്‌ട്രേഷൻ ടീം കമാൻഡറാണ് ഹൈസ്റ്റർ.
തേജസ് വിമാനം തീപിടിച്ചപ്പോൾ, സ്വന്തം പ്രകടനത്തിനായി തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നുള്ള ആ അനുഭവം തനിക്ക് ഞെട്ടലും അസ്വസ്ഥതയും ഉണ്ടാക്കിയെന്ന് ഹൈസ്റ്റർ പറഞ്ഞു. അമേരിക്കൻ പൈലറ്റിന്‍റെ പോസ്റ്റ് ചര്‍ച്ചയായതോടെയാണ് സംഘാടകര്‍ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
Tejas accident, Dubai Airshow organizers


































