മത്ര: (https://gcc.truevisionnews.com/) ചൂട് കാലാവസ്ഥ ഒമാനിൽ കുറയുകയും തണുത്ത കാറ്റ് വീശിത്തുടങ്ങുകയും ചെയ്തതോടെ വിനോദസഞ്ചാര സീസൺ ഔദ്യോഗികമായി ആരംഭിച്ചു.
ഈ സീസണിലെ ആദ്യ ക്രൂസ് കപ്പൽ "മെറിൻ ഷിഫ് 4" വെള്ളിയാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽ നങ്കൂരമിട്ടു. 2386 വിദേശ വിനോദസഞ്ചാരികളുമായെത്തിയ കപ്പൽ മത്ര നഗരത്തിൻറെ തെരുവുകൾക്ക് വീണ്ടും ജീവൻ നൽകി.
മത്ര കോർണീഷിലും പരിസരങ്ങളിലുമുള്ള സഞ്ചാരികൾ സൈക്കിളിൽ അലസമായി കറങ്ങുന്നതും കടൽത്തീര സൗന്ദര്യം ആസ്വദിക്കുന്നതും നാട്ടുകാരുടെ ശ്രദ്ധ ആകർഷിച്ചു. ആറു മാസത്തെ ഇടവേളയ്ക്കുശേഷം ഇത്തരമൊരു കപ്പലെത്തിയത് വ്യാപാരികൾക്ക് പ്രതീക്ഷ നൽകി.
മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം കഴിഞ്ഞ മാസങ്ങളിൽ ക്രൂയിസ് കപ്പലുകളുടെ വരവ് മുടങ്ങിയിരിക്കുകയായിരുന്നു. പലപ്പോഴും പ്രഖ്യാപിച്ച യാത്രകൾ അവസാന നിമിഷം റദ്ദാക്കപ്പെട്ടതോടെ വ്യാപാരികൾ നിരാശരായിരുന്നു.
അതുകൊണ്ട് തന്നെ ഈ കപ്പലിന്റെ വരവ് ആഘോഷപൂർവം അവർ സ്വീകരിച്ചു. "കച്ചവടം പഴയ പോലെ ആവേശകരമല്ലെങ്കിലും, സീസണിന്റെ തുടക്കമാണിത്. വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ എത്തുമെന്ന പ്രതീക്ഷയുണ്ട്," എന്ന് മത്രയിലെ കരകൗശല വ്യാപാരിയായ റഫീഖ് കുരിക്കൾ പറഞ്ഞു.
വ്യാപാരികൾ വെള്ളിയാഴ്ച്ചയായിരുന്നിട്ടും വിശ്രമമൊഴിവാക്കി കടകൾ തുറന്നുവെച്ചിരുന്നു. ജർമ്മനി, ഇറ്റലി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ മത്രയിലെ വിപണികളിലും കോർണീഷിലുമൊക്കെ എത്തി.
വൈകീട്ട്, യാത്ര പൂർത്തിയാക്കി മെറിൻ ഷിഫ് 4 അടുത്ത തുറമുഖത്തിലേക്ക് തിരിച്ചു. സഞ്ചാരസീസൺ ഇനിയും ചൂടുപിടിക്കാനിരിക്കെ, ഈ തുടക്കം മത്രയ്ക്കും ഒമാനിലെ ടൂറിസം മേഖലയ്ക്കും പ്രതീക്ഷയുടെ പുതു മുഖം നൽകിയിരിക്കുന്നു.
Tourist season in Oman, cruise ship 'Marine Schiff 4'


































