അൽഖോബാർ : (gcc.truevisionnews.com) പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് പ്രവാസി മലയാളി അൽഖോബാറിൽ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി ജെ. അരുൺ കുമാർ(48) ആണ് ആശുപത്രിയിൽ മരിച്ചത്. അടുത്ത ആഴ്ച നടത്തുന്ന മിനി മാരത്തണിൽ പങ്കെടുക്കുന്നതിനായി അൽ ഖോബാർ കോർണിഷിൽ സഹപ്രവർത്തകരൊടൊപ്പം പരിശീലനത്തിന് മുന്നോടിയായുള്ള നടത്തത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നുവർ ഉടൻതന്നെ തൊട്ടടുത്തുള്ള അൽഖോബാർ അൽമന ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിലെത്തിച്ചു ചികിത്സ നൽകിയെങ്കിലും ഹൃദയാഘാതം മൂലം നിലവഷളായി മരണം സംഭവിച്ചു. ദമാമിൽ എൽ ആൻഡ് ടി കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു.
ജയശങ്കർ, പരേതയായ അനന്ദവല്ലി എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ദിവ്യ അരുൺ, ദമാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ റിഷ്വന്ത്, റിഷ്മിക എന്നിവരടങ്ങുന്ന കുടുംബം ദമാമിൽ ഉണ്ട്. മൃതദേഹം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും മരണാനന്തര സഹായങ്ങൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി തിരുവനന്തപുരം പ്രവാസി അസോസിയേഷൻ(ട്രിപ) രംഗത്തുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ.
An expatriate Malayali collapsed and died during a morning walk in Saudi Arabia


































