ദുബായ്: (gcc.truevisionnews.com) പ്രധാന റോഡുകളിലെ അതിവേഗ ട്രാക്കുകളിൽ ഡെലിവറി ബൈക്കുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ. നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കും. സ്പീഡ് ട്രാക്കിൽ പ്രവേശിക്കുന്നതിന് ചരക്കു വാഹനങ്ങൾക്കും ബസുകൾക്കും വിലക്കുണ്ട്.
ദുബായ്, ഷാർജ എമിറേറ്റുകളിൽ നിയമം ബാധകമാണ്. ഡെലിവറി വാഹനങ്ങൾ പെരുകിയതോടെ അപകടമേറി. ഓർഡറുകൾ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനുള്ള തിരക്കിൽ റൈഡർമാരുടെ അമിത വേഗവും അശ്രദ്ധയുമാണ് പല അപകടങ്ങൾക്കും കാരണം. വൺവേ തെറ്റിക്കുന്നതിനു പുറമെ നടപ്പാതകൾ പോലും കയ്യേറി ഓടിക്കുന്നവരുണ്ട്. ഇത്തരക്കാരെ കർശനമായി നേരിടും.
അതിവേഗ ട്രാക്കുകളിൽ ഡെലിവറി ബൈക്ക് റൈഡർമാർ കയറുന്നതും പതിവാണ്. 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രാക്കിൽ ബൈക്ക് ഓടിക്കുന്നതു വഴി മറ്റു വാഹനങ്ങളും അപകടത്തിലാകും. മൂന്നു മുതൽ 6 വരി വരെയുള്ള റോഡുകളിലെ ഇടത്തെ രണ്ടു വരികളിൽ ഡെലിവറി ബൈക്കുകൾക്ക് പ്രവേശനമില്ല. ഇതനുസരിച്ചു റോഡിലെ സൈൻ ബോർഡിൽ അടക്കം മാറ്റം വരുത്തി.
അതിവേഗ പാതകളിൽ പ്രവേശിച്ചാൽ 700 ദിർഹം വരെയാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. ആദ്യ തവണ പിടിക്കപ്പെട്ടാൽ 500 ദിർഹവും രണ്ടാം തവണ 700 ദിർഹവും മൂന്നാം തവണ ലൈസൻസ് റദ്ദാക്കലുമാണ് ശിക്ഷ. ഷാർജയിലെ റോഡുകളിൽ നിയമം ലംഘിക്കുന്ന ഭാരവാഹനങ്ങൾക്കും മോട്ടർ സൈക്കിളുകൾക്കും 150 ദിർഹം പിഴയും 12 ബ്ലാക്മാർക്കും ലഭിക്കും. ക്യാമറകൾ വഴിയാണ് നിയമലംഘനം പിടികൂടുക. ദുബായിൽ ആർടിഎ, പൊലീസ് സംയുക്തമായാണ് നിയമ ലംഘകരെ പിടികൂടുന്നത്.
Sharjah and Dubai take important decision ban on such vehicles on high speed tracks





























