അബുദാബി: (gcc.truevisionnews.com) യുഎഇയിലെ അടിസ്ഥാനസൗകര്യവികസനത്തിന് വഴികാട്ടിയ പ്രമുഖ ഇമാറാത്തി വ്യവസായി ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബ് അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. യുഎഇയിലെ ആദ്യ റോഡ് നിർമിച്ച പ്രശസ്തമായ ഖാൻസാഹബ് കമ്പനിയുടെ മുൻ ചെയർമാനാണ് ഇദ്ദേഹം.
യുഎഇയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഹുസൈൻ അബ്ദുറഹ്മാൻ ഖാൻ സാഹബും അദ്ദേഹം ചെയർമാനായിരുന്ന ഖാൻ സാഹബ് എന്ന സ്ഥാപനവും. 1935-ൽ സ്ഥാപിതമായ ഖാൻസാഹെബ് ഗ്രൂപ്പ്, യുഎഇയുടെ വികസനത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
രാജ്യത്തെ നിരവധി പ്രശസ്തമായ കെട്ടിടങ്ങൾ അവർ നിർമ്മിച്ചു. 1954 മുതൽ 2016 വരെ ഹുസൈൻ അബ്ദുൾറഹ്മാൻ ഖാൻസാഹെബ് ആയിരുന്നു ഗ്രൂപ്പിന്റെ ചെയർമാൻ. ഷാർജയിൽ നിന്ന് റാസൽഖൈമയിലേക്കുള്ള യു.എ.ഇയിലെ ആദ്യത്തെ റോഡ് നിർമിക്കുന്നത് ഇവരുടെ സ്ഥാപനമാണ്.
പിന്നീട് ദുബൈ ക്ലോക്ക് ടവർ റൗണ്ട് എബൗട്ട്, ഷാർജ സെന്‍റ് മേരീസ് ചർച്ച്, ഷാർജ വിമാനത്താവളം, ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ് വരെ നീളുന്ന യു.എ.ഇയുടെ ലാൻഡ്മാർക്കായ നിരവധി കെട്ടിടങ്ങളുടെ വരെ നിർമാണത്തിൽ ഇവർ പങ്കുവഹിച്ചു.യുഎഇയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ വഴികാട്ടി എന്നാണ് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് അനുശോചന സന്ദേശത്തിൽ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
Prominent UAE businessman Hussain Abdulrahman Khan Sahab passes away