അൽകോബാർ: (gcc.truevisionnews.com) സ്വന്തം അമ്മയാൽ ദാരുണമായി കൊല്ലപ്പെട്ട മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾക്ക് അൽഖോബാറിൽ അന്ത്യവിശ്രമം. തെലങ്കാന സ്വദേശികളായ ഷാനവാസിന്റെയും സൈദ ഹുമൈറ അംറീനിന്റെയും മക്കളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6), മുഹമ്മദ് യൂസുഫ് അഹമ്മദ് (3) എന്നിവരാണ് മരിച്ചത്.
അസ്കാൻ പള്ളിയിൽ വെള്ളിയാഴ്ച നടന്ന മയ്യിത്ത് നമസ്കാരങ്ങൾക്ക് ശേഷം തുഖ്ബ ഖബറിസ്ഥാനിൽ ഇവരെ ഖബറടക്കി. ജുമുഅ നമസ്കാരത്തിനെത്തിയ നൂറുകണക്കിന് വിശ്വാസികൾ കണ്ണീരോടെയാണ് ഈ കുഞ്ഞുങ്ങൾക്ക് യാത്രാമൊഴി നൽകിയത്.
കഴിഞ്ഞ ഓഗസ്റ്റ് 26നാണ് ദാരുണ സംഭവം നടന്നത്. അൽകോബാറിലെ ഷുമാലിയയിലെ താമസസ്ഥലത്ത് വച്ച് മാതാവ് സൈദ ഹുമൈറ അംറീൻ കുട്ടികളെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതി ആത്മഹത്യയ്ക്കും ശ്രമിച്ചു. അൽകോബാറിലെ ഒരു സ്വകാര്യ കമ്പനിയിൽ മെയിന്റനൻസ് ജീവനക്കാരനായ ഷാനവാസിന്റെ ഭാര്യയും മക്കളും കഴിഞ്ഞ സ്കൂൾ അവധികാലത്ത് ആറ് മാസത്തെ സന്ദർശക വീസയിലാണ് സൗദിയിൽ എത്തിയത്.
സംഭവദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഷാനവാസ് വിളിച്ചപ്പോഴാണ് വീടിനുള്ളിൽ നടന്ന സംഭവങ്ങൾ അറിയുന്നത്. തുടർന്ന് അദ്ദേഹം അൽകോബാർ പൊലീസിനെ വിവരമറിയിക്കുകയും, സൗദി റെഡ്ക്രസന്റ്, മലയാളി സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ മൃതദേഹങ്ങൾ ഖത്തീഫ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
കേസ് അന്വേഷണത്തിന്റെ ഭാഗമായി യുവതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാണ്. ഭാര്യക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും വിവാഹശേഷമാണ് അത് മനസ്സിലാക്കിയതെന്നും ഭർത്താവ് ഷാനവാസ് പറഞ്ഞു. പോസ്റ്റ്മോർട്ടം, ഫൊറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള നിയമനടപടികൾ വേഗത്തിലാക്കാൻ സാമൂഹ്യ പ്രവർത്തകരായ നാസ് വക്കം, കബീർ കൊണ്ടോട്ടി എന്നിവരുടെ ഇടപെടലുകൾ സഹായകമായി. ഈ ദുരന്തത്തിൽ പൊലീസ് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നതായി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ പിന്നീട് അസ്കാൻ പള്ളിയിൽ എത്തിച്ച് ഖബറടക്കുകയായിരുന്നു.
Let them sleep there...; Three toddlers killed by their own mother laid to rest in Al Khobar