റിയാദ്: (gcc.truevisionnews.com)‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന ആഘോഷത്തിന്റെ പ്രമേയം ആസ്പദമാക്കിയുള്ള മുദ്രയും സ്ലോഗനും 95-ാമത് ദേശീയ ദിനത്തിൽ പുറത്തിറക്കിയിരിക്കുകയാണ് സൗദി. ഇത് സൗദിയുടെ 95 വർഷത്തെ അഭിമാനത്തെയും ആദരവിനെയും പ്രതിഫലിപ്പിക്കുന്നതാണ്.
ജനറൽ എൻ്റർടെയിൻമെൻ്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ആണ് ഔദ്യോഗിക മുദ്രയും പ്രമേയവും പുറത്തിറക്കിയത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഈ മുദ്ര ആഘോഷങ്ങൾക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. സൗദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങൾ ഈ പുതിയ മുദ്ര ഉപയോഗിച്ച് രാജ്യത്തുടനീളം വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കും.
സൗദി ജനതയുടെ ആഴത്തിൽ വേരൂന്നിയ മൂല്യങ്ങളെയും സ്വഭാവ സവിശേഷതകളെയും ഇത് എടുത്തുപറയുന്നു.ഒരു പ്രത്യേക ഡിസൈൻ ഗൈഡും മുദ്രയുടെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ മുദ്രയുടെ ഉപയോഗം, നിറങ്ങൾ, ഫോണ്ടുകൾ എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഉദാരത, അഭിലാഷം, അനുകമ്പ, ആധികാരികത, പരോപകാരം തുടങ്ങി രാജ്യനിവാസികളുടെ ദൈനംദിന ഇടപെടലുകളിൽ പ്രതിഫലിക്കുന്ന മൂല്യങ്ങൾ അതിലുൾപ്പെടുന്നു. ഈ ദേശീയ ദിനാഘോഷങ്ങൾ രാജ്യത്തിൻ്റെ പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും നിലനിർത്തിക്കൊണ്ട് ഭാവിയെ ലക്ഷ്യമിടുന്ന സൗദി അറേബ്യയുടെ പുതിയ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
Saudi launched Official seal to celebrate 95th National Day