(truevisionnews.com)മഴക്കാലത്തെ ആസ്വദിക്കണമെങ്കിൽ വീട്ടിൽ ഇരുന്നാൽ പോരാ... ഒന്ന് പുറത്തിറങ്ങിയാൽ മതി. യാത്ര ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ മഴക്കാലത്തു തന്നെ പോയി നോക്കാം. നല്ല കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടം കാണാൻ തയറാണോ? എങ്കിൽ സഞ്ചാരികളെ കാത്ത് പൂമലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം തലയെടുപ്പോടെ കാത്തിരിക്കുന്നുണ്ട്.
ഒരു പ്രാവശ്യം പോയാൽ തന്നെ ഏതൊരാളുടെയും മനം കവരുന്ന വെള്ളച്ചാട്ടമാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല ജങ്ഷനും കടന്ന് ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഗവണ്മെന്റ് ട്രൈബല്‍ സ്കൂള്‍ കവലയിലെത്തും.ഇവിടെ വരെയാണ് സാധാരണ തൊടുപുഴ - പൂമാല സര്‍വീസ് നടത്തുന്ന ബസുകള്‍ ഉണ്ടാവുക. ബസ്സിറങ്ങി താഴേക്കുള്ള റോഡിലൂടെ 500 മീറ്റർ പോയാല്‍ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം.
പാറക്കൂട്ടങ്ങൾക്കിടയിൽ നിന്ന് തുളച്ചിറങ്ങുന്ന വെള്ളം താഴെ എത്തുമ്പോൾ ചെറു ചാലായി ഒഴുകി തോടായി മാറും. ഇത് മെല്ലെ വീണ്ടും പാറക്കൂട്ടങ്ങൾക്കിടയിലേക്ക്. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാന്‍ പടികളുമുണ്ട്. പടികള്‍ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാല്‍ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു ചുവട്ടിലെത്താം.
മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകള്‍ക്കിടയിലൂടെ തട്ടിത്തെറിച്ച് 200 അടിയോളം താഴെക്ക് പതിക്കുന്നത് മനോഹര കാഴ്ചയാണ്. വ്യൂപോയിന്റില്‍ നിന്നാല്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളും ദൃശ്യമാണ്. കാഴ്ച കണ്ടിറങ്ങിയ ശേഷം വെള്ളച്ചാട്ടത്തിനു താഴെ നിന്ന് കുളിക്കുകയും ചെയ്യാം. ചെറിയ ഒന്നോ രണ്ടോ വാഹനങ്ങള്‍ക്കു മാത്രമേ വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാതക്ക് മുമ്പില്‍ പാര്ക്കുചെയ്യാന് സൗകര്യമുള്ളു. വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലം തന്നെയാണ്.
മഴയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ ഇഷ്ടമാകുന്ന സ്ഥലമാണിത്. വെള്ളച്ചാട്ടത്തിനരികിൽ നിന്നാൽ മതി കാറ്റ് നമ്മളെ കുളിപ്പിച്ചെടുക്കും. നയന മനോഹരമായ ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിനു സമീപം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. വെള്ളച്ചാട്ടത്തിനു സമീപത്തേക്കുള്ള കയറ്റത്തിൽ കുറച്ചു ഭാഗത്തുമാത്രമാണ് പടികളും കൈവരിയുമുള്ളത്. ഇതുകഴിഞ്ഞാൽ തെന്നുന്ന പാറകളിൽ കൂടിവേണം വെള്ളച്ചാട്ടത്തിനു മുകളിലെത്താൻ. ഇവിടെ ഏറെ ശ്രദ്ധിച്ച് കയറണം. കയറുമ്പോൾ തന്നെ ആസ്വദിച്ച കയറാവുന്നതാണ്. എങ്കിൽ സമയം കളയാതെ വിട്ടോ.. പൂമലയിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം കാണാൻ
enjoy the rainy season to see the njendirukki waterfalls thodupuzha