(truevisionnews.com)നല്ല തണുപ്പും മഴയും ഒക്കെ അല്ലെ? വയനാട്ടിലേക്ക് വിട്ടാലോ....ഒരു ചെറിയ യാത്രയ്ക്ക്? താമരശ്ശേരി ചുരം കയറി വയനാടിന്റെ ഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. സമുദ്രനിരപ്പില്‍ നിന്ന് 6900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തെ വയനാടിന്റെ വാല്‍ക്കണ്ണാടി എന്നുപോലും വിശേഷിപ്പിക്കാറുണ്ട്. ഏത് ചൂടുകാലത്തും ഒട്ടും വറ്റാത്തൊരു തടാകമാണിത്.
കൊടുംബവുമായും സുഹൃത്തുക്കളുമായും പോകാൻ പറ്റിയൊരിടമാണിത്. പച്ചപ്പ് നിറഞ്ഞ ശാന്തമായ അന്തരീക്ഷമാണ് ഈ സ്ഥലത്തെ വേറിട്ടതാക്കുന്നത്. വെള്ളത്തില്‍ ചിതറിക്കിടക്കുന്ന താമരപ്പൂക്കളാണ് തടാകത്തിന്റെ മറ്റൊരു പ്രത്യേകത.
മൂന്ന് കുന്നുകള്‍ക്കിടയിലായി നിറഞ്ഞുനില്‍ക്കുന്ന ഈ തടാകത്തിന് ചുറ്റിലും നീളുന്ന വഴിയോരങ്ങളിലെല്ലാം കാഴ്ച കണ്ടിരിക്കാന്‍ ഇരിപ്പിടങ്ങളും ധാരളം ഒരുക്കിയിട്ടുണ്ട്. നൂല്‍മഴ ഒഴിയാത്ത ലക്കിടിയുടെ കുന്നുകള്‍ക്കിടയില്‍ നാല്‍പ്പതടിയോളം താഴ്ചയുള്ള തടാകത്തില്‍ ബോട്ടുയാത്രയ്ക്കായാണ് കൂടുതല്‍ ആളുകളും എത്തുന്നത്.
രാവിലെ ഒമ്പത് മണി മുതല്‍ തുടങ്ങുന്ന യാത്രക്കാരുടെ ഒഴുക്ക് വൈകുന്നേരം വരെ നീളും. ശുദ്ധജലമായതിനാല്‍ അനേകം മത്സ്യങ്ങളും ഉഭയ ജീവികളും തടാകത്തിലുണ്ട്. അന്യം നിന്നുപോകുന്ന വേനല്‍തുമ്പികളുടെ ആവാസമേഖലകൂടിയാണിത്. പൂക്കോട് തടാകത്തെ വലം വെയ്ക്കാൻ ഇടതൂര്‍ന്ന കാടുകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന നടപ്പാതയുണ്ട്. പ്രകൃതിയിലേക്കുള്ള ഒരു യാത്ര കൂടിയാണിത്. തടാകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ആവോളം ആസ്വദിക്കാം. വലുതും ചെറുതുമായ അനേകം കാട്ടുമരങ്ങളും വള്ളിപടര്‍പ്പുകളുമെല്ലാം ഇവിടെ സംരക്ഷിക്കപ്പെടുന്നു.
മീന്‍ വളര്‍ത്തുകേന്ദ്രമായും പൂക്കോടിന് മറ്റൊരു വിലാസമുണ്ട്. മഴയെന്നോ വെയിലെന്നോ ഉള്ള കാലാവസ്ഥ വ്യത്യാസങ്ങളില്ലാതെ ഏതു സീസണിലും പൂക്കോട് സഞ്ചാരികളെ സ്വീകരിക്കും. കേരളത്തിന്റെ ഇക്കോ ടൂറിസം പദ്ധതികളില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ് പുക്കോട് തടാകം.
അപ്പൊ എങ്ങനാ...പോവാം അല്ലേ? മഴയത്ത് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടാതെ വേഗം വിട്ടോ പൂക്കോട് തടാകം കാണാൻ
Wayanad Pookode Lake