ദുബായ്: (gcc.truevisionnews.com) അക്ഷയ തൃതീയയ്ക്ക് മുന്നോടിയായി ദുബായിൽ സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 367 ദിർഹവും 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 396.25 ദിർഹത്തിലുമാണ് ഇന്ന് വ്യാപാരം. കഴിഞ്ഞ 7 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയാണിത്.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ യുഎസും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു എന്ന സൂചനകൾക്കിടയിലും താരിഫ് യുദ്ധത്തെക്കുറിച്ചുള്ള ആശങ്ക സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപം എന്ന പദവി ശക്തിപ്പെടുത്തുന്നു. ഇത് വില ഉയർന്ന നിലയിൽ തുടരാൻ സഹായിക്കുകയും ചെയ്യും.
കൂടാതെ, വരും മാസങ്ങളിൽ രാജ്യങ്ങളുടെ ധനനയത്തിലെ ഇളവുകളും മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സ്വർണ വിലയെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോളതലത്തിൽ ഔൺസിന് 3,500 ഡോളറും ദുബായിൽ കഴിഞ്ഞയാഴ്ച ഗ്രാമിന് 420 ദിർഹവും എന്ന റെക്കോർഡിൽ സ്വർണ വില എത്തിയിരുന്നു.
തുടർന്ന് വാരാന്ത്യത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവുണ്ടായി. ഇത് ഔൺസിന് 3,318.47 ഡോളറായും ഗ്രാമിന് 400 ദിർഹമായും താഴ്ന്നു. എന്നാൽ, നിലവിലെ സാമ്പത്തിക രാഷ്ട്രീയപരമായ അനിശ്ചിതത്വങ്ങൾ തുടരുകയാണെങ്കിൽ സ്വർണം ഉടൻതന്നെ വീണ്ടും 3,450 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Akshaya Tritiya hope: Gold prices drop sharply Dubai