ദുബായ്: (gcc.truevisionnews.com) യുഎഇയിൽ ചൂട് അനുദിനം കൂടി വരുന്നു. ഇന്ന് എല്ലായിടത്തും കാലാവസ്ഥ ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) അറിയിച്ചു. താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ട്.
തെളിച്ചമുള്ള ആകാശമായിരിക്കുമെങ്കിലും ചില കിഴക്കൻ പ്രദേശങ്ങൾ ഇടയ്ക്കിടെ മേഘാവൃതമായേക്കും. ഫുജൈറയിലെ തവിയെനിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 46.6 ഡിഗ്രി സെൽഷ്യസാണ്.
കുതിച്ചുയരുന്ന താപനിലയ്ക്ക് പുറമേ ശക്തമായ പൊടിക്കാറ്റിനും സാധ്യത. മണിക്കൂറിൽ 15–25 കിലോമീറ്റർ വേഗത്തിലും ഇടയ്ക്കിടെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിലും പൊടിക്കാറ്റ് വീശിയേക്കാം. ഇത് ദൂരക്കാഴ്ച ഗണ്യമായി കുറയ്ക്കും, പ്രത്യേകിച്ച് മേഘങ്ങൾ രൂപപ്പെട്ട പ്രദേശങ്ങളിൽ.
അപ്രതീക്ഷിതമായി പൊടിക്കാറ്റ് ഉണ്ടാകുകയും അത് റോഡുകളിലെ കാഴ്ചകളെ തടസ്സപ്പെടുത്തിയേക്കാം എന്നതിനാൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാൻ ഡ്രൈവർമാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. അറേബ്യൻ ഗൾഫിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്, കടലിലിറങ്ങുന്നവരും ജാഗ്രത പാലിക്കണം. അതേസമയം ഒമാൻ കടൽ താരതമ്യേന ശാന്തമായിരിക്കും.
#Heat rising UAE strong dust storms possible