അബുദാബി: (gcc.truevisionnews.com) ഹെവി വാഹനങ്ങൾ പാതയോരങ്ങളിൽ നിർത്തി പ്രാർഥിക്കുന്നത് വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്ന് അബുദാബി പൊലീസ്. ചരക്കു വാഹനങ്ങളിലെയും ബസുകളിലെയും ജീവനക്കാർ റോഡരികിൽ നിർത്തി നമസ്കരിക്കുന്നത് ശ്രദ്ധയിൽപെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
സ്വസ്ഥമായി പ്രാർഥിക്കാൻ അഡ്നോക് ഇന്ധന സ്റ്റേഷനുകളോട് അനുബന്ധിച്ച് 200 പ്രാർഥനാലയങ്ങളുണ്ട്. ഇതിനു പുറമെ ഹെവി വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്ത് പ്രാർഥിക്കാൻ കഴിയുന്ന വിശ്രമകേന്ദ്രങ്ങളും നിർമിച്ചിട്ടുണ്ട്.
അഡ്നോക് മൊബൈൽ ആപ്ലിക്കേഷനോ മറ്റു മാപ്പുകളോ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള ഇന്ധന സ്റ്റേഷനും പ്രാർഥനാ സൗകര്യങ്ങളും കണ്ടെത്താം. വഴിയോരങ്ങൾ നമസ്കാര സ്ഥലങ്ങളാക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് മതകാര്യ വകുപ്പിലെ ഉന്നത മുഫ്തികളിൽ ഒരാളായ ഡോ.അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഹദ്ദാദ് വ്യക്തമാക്കി.
പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്ന പൊലീസിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കും ഗതാഗത ചിഹ്നങ്ങളും മാർഗനിർദേശങ്ങളും പാലിക്കാത്തവർക്കും 500 ദിർഹമാണ് പിഴ.
#AbuDhabi #Police #warns #against #parking #vehicles #roadsides #prayers