റിയാദ്: റമദാൻ 29 (മാർച്ച് 29) ശനിയാഴ്ച ശവ്വാൽ മാസപ്പിറവി കാണാനും അതുപ്രകാരം ഞായറാഴ്ച ചെറിയ പെരുന്നാൾ ആവാനും സാധ്യതയെന്ന് സൗദി അറേബ്യയിലെ ഹുത്ത സുദൈർ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. മജ്മഅ യൂനിവേഴ്സിറ്റിക്ക് കീഴിലുള്ളതാണ് ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം. ശനിയാഴ്ച സൂര്യാസ്തമയത്തിന് എട്ട് മിനിറ്റിന് ശേഷം ചന്ദ്രപിറ ദൃശ്യമായേക്കുമെന്ന് കേന്ദ്രത്തിന്റെ വിദഗ്ധർ പറഞ്ഞു.
സൗദി അറേബ്യയിൽ മാർച്ച് 29നാണ് പെരുന്നാൾ അവധി ആരംഭിക്കുക. ഇത് ഏപ്രിൽ രണ്ടു വരെ തുടരും. ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനിൽക്കുന്നതിനാൽ പ്രവാസികൾ ഉൾപ്പടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. ഏപ്രിൽ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രിൽ മൂന്നു മുതൽ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാൽ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
വെള്ളിയാഴ്ച മുതൽ സാധാരണ അവധി തുടങ്ങുന്നതിനാൽ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. അങ്ങനെയാണെങ്കിൽ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. അതേസമയം, സൗദി എക്സ്ചേഞ്ചിന്റെ അവധി മാർച്ച് 28 മുതൽ ആരംഭിക്കും. ഏപ്രിൽ മൂന്നിന് വ്യാപാരം പുനരാരംഭിക്കുകയും ചെയ്യും.
#crescent #moon #will #be #visible #EidalFitr #likely #celebrated #Sunday #SaudiArabia