ദമാം : (gcc.truevisionnews.com) ഹോളി ആഘോഷത്തിനായി നാട്ടിലേക്ക് പോകാൻ ദമാം രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. യുപി ദേവ്റ സ്വദേശി വിജയകുമാർ (54) ആണ് മരിച്ചത്.
ഡൽഹിയിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെ ചെക്ക്–ഇൻ കൗണ്ടറിൽ നിൽക്കവേ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ അടുത്തുള്ള സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഒരു സ്വകാര്യ കമ്പനിയിൽ 12 വർഷങ്ങളായി ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എല്ലാ വർഷവും ഹോളി ആഘോഷിക്കാൻ കുടുംബത്തിനുള്ള സമ്മാനങ്ങളുമായി നാട്ടിലേക്ക് പോകുക പതിവാണ്.
ഭാര്യയും നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങുന്ന കുടുംബത്തിനൊപ്പം ഇത്തവണയും പതിവ് തെറ്റിക്കാതെ ഹോളിയും അവധിക്കാലവും ആഘോഷിക്കാനുളള തയാറെടുപ്പിലായിരുന്നു.
കെഎംസിസി വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.
#Heart #attack #Expatriate #dies #Dammam #Death #occurred #traveling #home #celebrate #Holi