ഷാർജ: യുഎഇയിൽ യാചന വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് ഷാർജ പോലീസ്. ഭിക്ഷാടനം ഒരു ജോലിയായി മാറിയിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് പോലീസ് വീഡിയോ പങ്കുവെച്ചത്.
അധികൃതർ ഏർപ്പെടുത്തിയ ഒരാൾ യാചകന്റെ വേഷത്തിൽ ഭിക്ഷയെടുത്ത് ഒരു ദിവസം സമ്പാദിക്കുന്ന തുക കണ്ടെത്താനാണ് ഇത്തരമൊരു പരീക്ഷണം ഷാർജ പോലീസ് നടത്തിയത്.
പങ്കുവെച്ച വീഡിയോയിൽ കാണിച്ചിരിക്കുന്ന ആൾ ഒരു മണിക്കൂറിൽ ഭിക്ഷ നേടി സമ്പാദിച്ചത് 367 ദിർഹം ആണെന്ന് പോലീസ് പറയുന്നു.
റമദാൻ കാലമായതോടെ നിരവധി ഭിക്ഷാടകരാണ് ആൾക്കാരുടെ സഹായമനസ്കത കൈമുതലാക്കി പണം സമ്പാദിക്കുന്നത്.
ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ സംഭാവനകൾ നൽകാവൂ എന്ന് പൗരന്മാരോടും താമസക്കാരോടും ഷാർജ പോലീസ് ആവശ്യപ്പെട്ടു. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 80040 എന്ന നമ്പറിലോ 901 എന്ന നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും പറഞ്ഞു.
റമദാന്റെ ആദ്യ 10 ദിനങ്ങളിൽ 33 ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തതെന്നും ഷാർജ പോലീസ് അറിയിച്ചു. പിടികൂടിയിട്ടുള്ളവർ വിവിധ രാജ്യക്കാരാണ്.
ഷാർജ പോലീസിന്റെ യാചനാവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭിക്ഷാടന മുക്തമായ സമൂഹം എന്നതാണ് യാചനാ വിരുദ്ധ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്.
ഭിക്ഷാടനം നടത്തുന്നതിനായി വിദേശരാജ്യങ്ങളിൽ നിന്നും ആൾക്കാരെ എത്തിക്കുന്നവർക്ക് ആറുമാസം വരെ തടവും 1,00,000 ദിർഹം വരെ പിഴയും ലഭിച്ചേക്കാം.
കാമ്പയിൻ ചെറിയ പെരുന്നാൾ ദിവസം വരെ തുടരും.
#UAE #launches #'Begging-Free Society' #campaign #beggar #earns #367dirhams #per #hour