കുവൈത്ത് സിറ്റി : (gcc.truevisionnews.com) മെഹ്ബൂലയിൽ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നടന്ന കവർച്ചാ കേസിൽ രണ്ട് നൈജീരിയൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തോക്ക് ചൂണ്ടി മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് പ്രതികൾ കവർച്ച നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതികൾ എക്സ്ചേഞ്ച് പ്രവർത്തനങ്ങൾ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് നിരീക്ഷിച്ച് തിരക്ക് കുറയുന്ന സമയം നോക്കിയാണ് കവർച്ച നടത്തിയത്. ഇവർ ഉപയോഗിച്ച വാഹനത്തിന് മോഷ്ടിച്ച നമ്പർ പ്ലേറ്റ് ആണ് വച്ചിരുന്നത്.
ഒരു പ്രതിയെ മെഹ്ബൂലയിൽ നിന്നും മറ്റൊരു പ്രതിയെ അൽ ഖൈറാൻ പ്രദേശത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മോഷ്ടിച്ച പണവും കണ്ടെടുത്തിട്ടുണ്ട്.
ലഹരി പദാർത്ഥങ്ങളും പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
#Kuwait #Mehboola #Money #Exchange #Robbery #Two #Foreigners #Arrested